തിരുവനന്തപുരം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കേരള വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഭർത്താവ് സൂരജിന്റെ കുടുംബാംഗങ്ങൾക്ക് എതിരെ ഗാർഹിക, സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിലുള്ളതായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ പറഞ്ഞു. റിപ്പോർട്ട് കൊല്ലം ജില്ലാ റൂറൽ എസ്പിക്കു കൈമാറും.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസിനോട് ആവശ്യപ്പെട്ടു. സമയ ബന്ധിതമായി റിപ്പോർട്ട് നൽകിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ കമ്മിഷൻ അഭിനന്ദിച്ചു. കൊലപാതകവും സ്ത്രീധന, ഗാർഹിക പീഡനവും ഒരു അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കുന്നത് കേസിന് ഗുണകരമാകുമെന്നതിനാലാണു റിപ്പോർട്ട് കൊല്ലം റൂറൽ എസ്പിക്ക് കൈമാറിയത്.
അതേസമയം, ഉത്ര വധക്കേസുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അടൂരിലെ ബാങ്കിലെ രേഖകൾ പരിശോധിക്കുകയാണ്. സൂരജിന്റെയും ഉത്രയുടെയും പേരിലാണ് ഇവിടെ അക്കൗണ്ട് ഉള്ളത്.