ലൊസാഞ്ചലസ്: പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ മണ്ണിൽ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ഇറാൻ ന്യൂലസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് സമനില പിടിച്ചു. ഗാലറിയിൽ നിന്നു കൂക്കി വിളികളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയർന്ന പോരിൽ ഇരു ടീമുകളും 2-2നു ഒപ്പത്തിനൊപ്പം പിരിഞ്ഞു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ന്യൂസിലൻഡ് ലീഡെടുത്തിരുന്നെങ്കിലും രണ്ട് തവണയും ഇറാൻ ഗോൾ മടക്കി. കിവികൾക്കായി ഏലിയ ജസ്റ്റ് ഇരട്ട ഗോളുകൾ നേടി.
കളി തുടങ്ങിയതു മുതൽ ഇറാൻ കടുത്ത ആക്രമണ മൂഡിലായിരുന്നു. എന്നാൽ ആദ്യം ഗോളടിച്ചത് ന്യൂസിലൻഡായിരുന്നു. ഏഴാം മിനിറ്റിൽ തന്നെ ഗോൾ നേടി ന്യൂസിലൻഡ് ഇറാനെ ഞെട്ടിച്ചു. പ്രതിരോധത്തിൽ നിന്നുള്ള ഒരു ലോങ് ബോൾ ന്യൂസിലൻഡ് ക്യാപ്റ്റൻ ക്രിസ് വുഡ് കൃത്യമായി നിയന്ത്രണത്തിലാക്കി. വുഡ് നൽകിയ പാസ് സ്വീകരിച്ച ഇന്ത്യൻ വംശജനായ സർപ്രീത് സിങ് അത് വീണ്ടും വുഡിന് തന്നെ ചിപ്പ് ചെയ്തു നൽകി. ബോക്സിനുള്ളിൽ വച്ച് വുഡ് നൽകിയ അസിസ്റ്റിൽ നിന്നു ഏലിയാ ജസ്റ്റ് പന്ത് ഇറാൻ വലയിലെത്തിച്ചു.
ഗോൾ വഴങ്ങിയതോടെ ഇറാൻ കൂടുതൽ ആക്രമണകാരികളായി മാറി. 22ാം മിനിറ്റിൽ ഇറാന് ഗോൾ നേടാൻ സുവർണാവസരം കിട്ടി. ഇറാന്റെ അപകടകാരിയായ സ്ട്രൈക്കർ മെഹ്ദി തരേമി കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി മുന്നേറി ന്യൂസിലൻഡ് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു ഗ്രൗണ്ട് ഷോട്ടുതിർത്തു. എന്നാൽ നിർഭാഗ്യവശാൽ പന്ത് പോസ്റ്റിലിടിച്ച് മടങ്ങി. അതിനിടെ ന്യൂസീലൻഡ് താരം സർപ്രീത് സിങും മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.
32ാം മിനിറ്റിൽ ഇറാൻ തിരിച്ചടിച്ച് സമനില പിടിച്ചു. സമൻ ഗോദോസ് ബോക്സിലേക്ക് നൽകിയ പാസ് തടയാൻ ന്യൂസിലൻഡ് പ്രതിരോധം ശ്രമിച്ചെങ്കിലും പന്ത് കൃത്യം ഇറാന്റെ റാമിൻ റെസയാനു പകാത്തിൽ കിട്ടി. ബോക്സിന്റെ നടുവിൽ നിന്നു താരം തൊടുത്ത സുന്ദരൻ വലം കാലൻ ഷോട്ട് ന്യൂസിലൻഡ് ഗോൾ കീപ്പർ മാക്സ് ക്രോകോംബിനെ മറികടന്ന് വലയുടെ ഇടത് മൂലയിൽ വിശ്രമിച്ചു. ഇറാൻ ആദ്യ പകുതിയിൽ സമനില പിടിച്ചതിനു പിന്നാലെയാണ് ഗാലറിയുടെ ചില ഭാഗങ്ങളിൽ നിന്ന് കൂക്കിവിളികളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയർന്നത്.
രണ്ടാം പകുതിയിൽ മുന്നേറ്റം കൂടുതൽ ശക്തമാക്കിയാണ് ഇറാൻ ഇറങ്ങിയത്. എന്നാൽ ഇത്തവണയും ലീഡെടുത്ത് ന്യൂസിലൻഡ് തന്നെ. ആദ്യ ഗോളിന്റെ റിപ്ലേ തന്നെയായിരുന്നു കിവികളുടെ രണ്ടാം ഗോളും. 55ാം മിനിറ്റിലാണ് ന്യൂസിലൻഡ് വീണ്ടും മുന്നിൽ കയറിയത്. ക്യാപ്റ്റൻ ക്രിസ് വുഡ് നൽകിയ മനോഹരമായ രണ്ടാമത്തെ അസിസ്റ്റിലൂടെ ഏലിയ ജസ്റ്റ് തന്നെ വീണ്ടും സ്കോർ ചെയ്തു.
എന്നാൽ കിട്ടിയ മുൻതൂക്കത്തിന് ആയുസ് നീട്ടാൻ കിവികൾക്ക് സാധിച്ചില്ല. ഇറാന്റെ സമനില ഗോൾ 64ാം മിനിറ്റിൽ വന്നു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഇറാൻ മധ്യനിര താരം മുഹമ്മദ് മൊഹേബി പന്ത് കിവീസ് വലയിലെത്തിച്ച് ഇറാന് വീണ്ടും സമനില സമ്മാനിച്ചു. വലതുവിങ്ങിൽ നിന്നു ആദ്യ ഗോൾ സ്കോററായ റാമിൻ റെസയാൻ ബോക്സിലേക്ക് ഒരു ക്രോസ് നൽകി. കിവീസ് പ്രതിരോധ നിരയെ മറികടന്ന് ഉയർന്നുചാടിയ മുഹമ്മദ് മൊഹേബി കിടിലൻ ഹെഡ്ഡറിലൂടെ പന്ത് ഗോൾവലയുടെ ഇടത് മൂലയിലേക്ക് ഇട്ടു. പിന്നീട് ഇരു ടീമുകളും ഗോൾ നേടിയതുമില്ല.










Manna Matrimony.Com
Thalikettu.Com






