കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്.
സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല് ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം സര്‍ജ്ജന്റെ മൊഴിയെടുക്കും. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. സജീവനെതിരെ കേസെടുത്തത് മരിച്ചതിന് മുന്‍പാണോ ശേഷമാണോ എന്നറിയുകയാണ് ലക്ഷ്യം.
സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സസ്പെന്‍ഷനിലായ എസ്.ഐ എം.നിജേഷ്, എഎസ്ഐ അരുണ്‍കുമാര്‍, സിപിഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചങ്കിലും മൂന്ന് പേരും അന്വേഷണ സംഘത്തിന്ന് മുന്പില് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.
ഇന്ന് ഉദ്യോഗസ്ഥര്‍ ഹാജരായില്ലെങ്കില്‍ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിയാനാണ് നീക്കം. രാവിലെ വടകര സ്റ്റേഷനില്‍ ഹാജരാകാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ സസ്പെന്‍ഷനിലായ സിപിഒ പ്രജീഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു.
വടകരയില്‍ പൊലീസ് സ്റ്റേഷന് വളപ്പില്‍ മരിച്ച സജീവന് പ്രാഥമിക ചികിത്സ നല്കുന്നതില് ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തല്‍. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.