ജിദ്ദ: ഗൾഫ് രാജ്യത്തെ ഒരു ജയിലിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് നാളുകളെണ്ണി കഴിയുകയായിരുന്ന മലയാളി യുവാവിന് ശിക്ഷ ഒഴിവായതിലൂടെ ലഭിച്ച പുനർജ്ജന്മം ലോകത്തെങ്ങുമുള്ള മലയാളികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
മാതൃകയേറെയില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ മഹനീയ മാതൃകയായി യുവാവിന് വേണ്ടി രംഗത്തെത്തിറങ്ങിയത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജീവൽരൂപമായ പ്രവാസി വ്യവസായിയും “ലുലു” ഗ്രൂപ് മേധാവിയുമായ എം എ യൂസുഫലി ആയിരുന്നു. എത്രമേൽ നന്ദി പറഞ്ഞാലും പകരമാവാത്ത എം എ യൂസഫലിയുടെ ഫലവത്തായ ഇടപെടലിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നത് തൃശ്ശൂർ, പുത്തൻച്ചിറ, ചെറവട്ട ബെക്സ് കൃഷ്ണൻ (45).
ഇനിയൊരിക്കൽ കൂടി പുറംവായു ശ്വസിക്കാനോ, സ്വന്തം നാട്ടിലെത്തി കുടുംബത്തെ ഒരു നോക്ക് കാണാനോ സാധിക്കില്ലെന്ന ദുർവിധിയിൽ സ്വയം ഉരുകിത്തീരുകയായിരുന്ന ബെക്സ് കൃഷ്ണൻ അടുത്ത ദിവസങ്ങളിലായി നാട്ടിലേയ്ക്ക് മടങ്ങും. ഇതിനുള്ള ഔട്ട്പാസ് അധികൃതരിൽ നിന്ന് കൈപ്പറ്റിയതായി ലുലു ഗ്രൂപ്പ് കമ്മ്യൂണികേഷൻസ് ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.
വധശിക്ഷ ഒഴിവായ തീരുമാനമറിയിക്കാനും നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഔട്ട്പാസ് തയാറാക്കുന്ന കാര്യങ്ങൾക്കുമായി അൽവത്ബ ജയിലിൽ തന്നെ വന്നു കണ്ടവരോട് കടപ്പാടിൽ കുതിർന്ന നിറകണ്ണുകളോടെ ബെക്സിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: “അദ്ദേഹത്തെ എനിക്കൊന്ന് കാണണം – എനിക്ക് രണ്ടാം ജൻമം കനിഞ്ഞേകിയ യൂസുഫലി സാഹിബിനെ”.
മതവും ജാതിയുമെല്ലാം അപ്രസക്തമാവുകയും പരജീവിസ്നേഹം മാത്രം തുടിക്കുകയും ചെയ്ത മോചന സംഭവത്തിൽ ബെക്സ് കൃഷ്ണന് വേണ്ടി എം എ യൂസുഫലി നടത്തിയ വിജയകരമായ ഇടപെടലിന്റെ കഥ ഇതാ:
2012 സെപ്റ്റംബർ 7 നായിരുന്നു ആ സംഭവം. അബുദാബി മുസഫയിൽ ഉണ്ടായ അപകടത്തിൽ സുഡാൻ സ്വദേശിയായ ഒരു ബാലൻ മരിക്കാനിടയാവുകയും ബെക്സ് കൃഷ്ണൻ ജയിലിലാവുകയും ചെയ്തു. ബെക്സ് ഓടിച്ചിരുന്ന വാഹനം തട്ടിയാണ് കുട്ടി മരിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. സി സി ടി വി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ. സുപ്രീ കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിൻ്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബെക്സിന്റെ കുടുംബം ബന്ധുവായ സേതു മുഖേന എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ അഭ്യർഥിച്ചത്.
കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുക വരെ ചെയ്തു. ഒടുവിൽ, അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിൻ്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്. ബെക്സിന് വേണ്ടി ഈ സംഖ്യ എം എ യൂസുഫലി സുഡാനി കുടുംബത്തിന് നൽകും.
നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അൽവത്ബ ജയിലിൽ തന്നെ കാണാൻ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കണ്ട് വിങ്ങിപ്പൊട്ടി ബെക്സ് കൃഷ്ണൻ. ഇനിയൊരിക്കലും വീട്ടുകാരെ കാണാനാകുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരു നിമിഷത്തെ കൈയ്യബദ്ധത്തില് സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. ജീവിതത്തിലേക്ക് മടങ്ങി വരാൻ കാരണക്കാരനായ എം.എ.യൂസഫലിയെ നേരിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബെക്സ് കൃഷ്ണൻ.
“സർവ്വശക്തനായ ദൈവത്തിന് നന്ദി”: എം.എ.യൂസഫലി
അതേസമയം, മലയാളി ലോകം സോഷ്യൽ മീഡിയകളിലൂടെയും മറ്റും വാനോളം വാഴ്ത്തുന്ന വിജയകരമായ തന്റെ ഇടപെടലിനെ കുറിച്ച് വിനയപൂർവം എം എ യൂസുഫലി പ്രതികരിച്ചത് ഇത്രമാത്രം: “വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ ദൈവത്തോട് നന്ദി പറയുന്നു”. അതോടൊപ്പം, ഇത് സാധ്യമാക്കിയ യു എ ഇ എന്ന മഹത്തായ രാജ്യത്തോടും അതിന്റെ ദീർഘദർശികളായ ഭരണാധികാരികളോടുമുള്ള കടപ്പാടും രേഖപ്പെടുത്തുകയും ചെയ്യുന്നതായി പറഞ്ഞ യൂസുഫലി ബെക്സ് കൃഷ്ണനും കുടുംബത്തിനും ഭാവി ജീവിത്തിൽ ഭാവുകങ്ങൾ നേരുന്നതായും കൂട്ടിച്ചേർത്തു.










Manna Matrimony.Com
Thalikettu.Com





