കോട്ടയം: 60 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും – ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ, രാഷ്ട്രീയ, തൊഴിൽ, വിദ്യാഭ്യാസ വ്യത്യാസമില്ലാതെ 10000/- രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുക എന്ന തുല്യ പെൻഷൻ ആശയം ഇന്നു കോറോണയെക്കാൾ വേഗത്തിൽ സോഷ്യൽ മീഡിയയിൽ ഇന്ത്യയിൽ പടർന്നു കൊണ്ടിരിക്കുകയാണ് .ഓ ഐ ഓ പി (OIOP) എന്ന സംഘടനയാണ് ഈ ആശയം മുൻപോട്ട് വയ്ക്കുന്നത്.
പ്രായം 60 കഴിഞ്ഞാൽ സർക്കാരുദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും മാത്രം ഇവിടെ സുഖമായി ജീവിച്ചാൽ മതിയോ? പോരാ….ഈ നാടിനു വേണ്ടി ചോര നീരാക്കിയ കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും, അസംഘടിത മേഖലയിൽ അധ്വാനിക്കുന്നവർക്കും, കൂലിപ്പണിക്കാർക്കും, പ്രവാസികൾക്കും …. അങ്ങനെ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഇവിടെ മാന്യമായി ജീവിക്കുവാൻ അവകാശമുണ്ട് എന്നാണ് സംഘടനയുടെ ആശയം.
എല്ലാ വിഭാഗം ജനങ്ങളും *വൺ ഇന്ത്യ വൺ പെൻഷൻ* എന്ന മഹത്തായ ആശയത്തിന് പിന്നിൽ അണിനിരന്നു ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കണമെന്നുള്ളതാണ് ഈ സംഘടനയുടെ ആശയം.
വെറും മൂന്നു ശതമാനത്തിനു താഴെ വരുന്ന ഒരു കൂട്ടർ അമിതമായ ശമ്പളവും പെൻഷനും വാങ്ങി സുഖമായി അല്ലലറിയാതെ ജീവിക്കുമ്പോൾ 97% വരുന്ന നമ്മളിൽ ബഹുഭൂരിപക്ഷവും മിച്ചം വയ്ക്കുവാനൊന്നുമില്ലാതെ അന്നന്നത്തെ അപ്പത്തിനു വേണ്ടി കഷ്ടപ്പെടുകയല്ലേ? ഈ ദുരവസ്ഥക്ക് ഈ അവസ്ഥക്ക് മാറ്റം വരേണ്ടത് ആവശ്യമല്ലേ?
ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ലക്ഷത്തോടടുത്ത് രൂപ വരെ പെൻഷൻ വാങ്ങിക്കുന്നവർ ഉണ്ട്. ഇത് ശരാശരിയിലേക്ക് മാറ്റി സാധാരണക്കാർക്ക് തുല്യ പെൻഷൻ പതിനായിരം രൂപ നൽകണമെന്നാണ് സംഘടനയുടെ ആശയം. സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കണമെന്നൊന്നും ഈ സംഘടന പറയുന്നില്ല. മറിച്ച് പെൻഷൻ തുല്യമാകണമെന്നാണ് സംഘടനയുടെ ആവശ്യം.
സാധാരണക്കാർക്ക് പതിനായിരം രൂപ പെൻഷൻ നൽകാൻ സർക്കാരിന് ഖജനാവിൽ നിന്ന് കൂടുതലായി പണം ഒന്നും ചിലവാക്കേണ്ടതില്ല. 50000 രൂപ ഉള്ള ഒരു സർക്കാർ ജീവനക്കാരന്റെ പെൻഷൻ കുറച്ചാൽ അതിൽ നിന്ന് തന്നെ മറ്റു നാലു പേർക്ക് ഇത് വീതിച്ച് നൽകാൻ കഴിയും. 80000 രൂപ പെൻഷൻ ഉള്ള ഒരാൾ ആണെങ്കിൽ മറ്റു ഏഴു പേർക്ക് വീതിച്ചു നൽകാൻ കഴിയും.
കൂടാതെ പെൻഷൻ നൽകുവാൻ വേണ്ടി കടം എടുക്കുന്ന അവസ്ഥ നിർത്തലാക്കിയാൽ പലിശയും ലാഭിക്കാം. ഈ ആശയം കേരളത്തിലെ സാധാരണക്കാരായ ജനങ്ങളിൽ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു രാഷ്ട്രീയ പാർട്ടി ഈ ആശയവുമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി ജയിപ്പിച്ചു വിടാൻ സാധ്യതയേറെയാണ്. അതിനാൽ തന്നെ മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നും ഈ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വാർത്ത വന്നതായി അറിയില്ല. മൂന്നാമതൊരു രാഷ്ട്രീയപാർട്ടി വന്നാൽ മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്ക് അത് ക്ഷീണം ഉണ്ടാക്കുമെന്നു ഏതാണ്ട് ഉറപ്പാണ്.
യൂണിയനുകളുടെ എതിർപ്പുകളുടെ അടിസ്ഥാനത്തിൽ ഈ ആശയം നിലവിൽ കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. എന്തായാലും വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയം ഇപ്പോൾ കേരളത്തിലെ സാധാരണ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.










Manna Matrimony.Com
Thalikettu.Com







