കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണയ്ക്ക് ഹാജരാക്കാനായില്ലെന്ന് ഇ ഡി പറയുന്നു. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാലും വീണ്ടും ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.
ഐടി സേവനങ്ങള്‍ സംബന്ധിച്ച് സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചര്‍ച്ചയെന്നാണ് വീണയുടെ മൊഴി. അതിനാല്‍ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. എക്സാലോജിക് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന സിസ്റ്റത്തിലായിരുന്നു ചില വിശദാംശങ്ങളെന്നും വീണ ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞു. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടിയുടെ വിനിയോഗം സംബന്ധിച്ച മൊഴികളില്‍ പൊരുത്തക്കേടുകളെന്നും ഇ ഡി പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകള്‍ ഇ ഡിക്ക് ലഭിച്ചിട്ടില്ല. രേഖകള്‍ കൂടി ലഭിച്ചശേഷമാകും വീണ്ടും സമന്‍സ് അയക്കുക.
കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ഇന്നലെ വീണ ടിയുടെ ചോദ്യം ചെയ്യല്‍ നടന്നത്. രാവിലെ പത്തരയോടെ വീണ ചോദ്യം ചെയ്യലിന് ഹാജരായി. 9 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
വിശദമായ ചോദ്യാവലി തയ്യാറാക്കിയായിരുന്നു വീണയുടെ ചോദ്യം ചെയ്യല്‍. സിഎംആര്‍എല്ലിന് നല്കിയ സേവനം, കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇ ഡി ശ്രമം. സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഷിബി എസ് കര്‍ത്തയെയും ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍.










Manna Matrimony.Com
Thalikettu.Com






