തെഹ്റാൻ: ലബനനിൽ വെടിനിർത്തൽ നടപ്പിലാക്കാതെ ചർച്ചയ്ക്കില്ലെന്ന് അറിയിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും അമേരിക്കയുമായുള്ള സമാധാന ചർച്ച ഇന്ന് ഇസ്ലാമാബാദിൽ നടക്കാനിരിക്കെയാണ് ഇറാൻ്റെ പ്രതികരണം. യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് നയിക്കുന്ന സംഘവും പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് നയിക്കുന്ന ഇറാൻ സംഘവും തമ്മിലാണ് ചർച്ച.
പാകിസ്താനാണ് ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇതിനിടയിലാണ് ഇറാൻ പാർലമെൻ്റ് സ്പീക്കർ നിലപാട് വ്യക്തമാക്കിയത്. ചർച്ചയിൽ ഇറാൻ പങ്കെടുക്കണമെങ്കിൽ ലബനനിൽ വെടിനിർത്തൽ പ്രാബല്യത്തിലാക്കണമെന്നും തടഞ്ഞ് വെച്ചിരിക്കുന്ന ഇറാൻ്റെ സ്വത്തുക്കൾ തിരികെ നൽകണമെന്നുള്ള ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെച്ചത്. അമേരിക്കയുമായുള്ള ചർച്ചയ്ക്ക് മുൻപ് തന്നെ ഇതിൽ തീരുമാനമുണ്ടാകണമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. എക്സ് പോസ്റ്റിലൂടയാണ് മുഹമ്മദ് ബാഖിർ ഖാലിബാഫ് ഇറാന്‍റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് അമേരിക്കയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിർണായകമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചർച്ചകൾ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണ് വാഷിങ്‌ടണിൽ നിന്ന് പുറപ്പെടുമ്പോൾ വാൻസ് പറഞ്ഞത്.










Manna Matrimony.Com
Thalikettu.Com






