ന്യൂ ഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമെന്ന് കെ സി വേണുഗോപാൽ എംപി. അയാൾ പാർട്ടിയുടെ ഭാഗമല്ല, സസ്പെൻഷനിലുള്ള വ്യക്തിയാണ് എന്നും സ്വർണ്ണപ്പാളി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുകയാണ് എന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
സഞ്ചാർ സാഥി ആപ്പ് മൊബൈൽ ഫോണുകളിൽ നിർബന്ധമാക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണിത് എന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കും എന്നും കെ സി വേണുഗോപാൽ പറഞ്ഞു. പെഗാസസ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞതായി സൂചിപ്പിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ല. അദ്ദേഹത്തെ പൊലീസ് കണ്ടു പിടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമ നടപടിയാണെന്നും നിയമം എല്ലാവർക്കും ഒരേ പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാടുനിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട വഴിയെക്കുറിച്ച് സൂചന ലഭിച്ചു.
ആദ്യം പൊള്ളാച്ചിയിൽ എത്തിയ രാഹുൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും അവിടെ തങ്ങി. പിന്നാലെ അവിടെനിന്ന് കോയമ്പത്തൂരിലേക്ക് മുങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഹുലിന് കോയമ്പത്തൂരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് അന്വേഷണ സംഘം. ഇതിനായി കൂടുതൽ പേരെ നിയോഗിച്ചിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







