കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്പെന്ഷന് പിന്‍വലിക്കാമെന്ന ഉറപ്പ് ആരോഗ്യമന്ത്രി പാലിക്കുന്നില്ലെന്നാരോപിച്ച് കെജിഎംഒഎ കോഴിക്കോട് ജില്ലയില്‍ സമരം പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. സസ്പെന്ഷന് ഉത്തരവ് പുനപരിശോധിക്കാന്‍ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി മൂന്നു ദിവസമായിട്ടും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഒ.പി.ബഹിഷ്കരണം ഉള്‍പ്പടെയുള്ള സമരത്തിലേക്ക് ഡോക്ടേഴ്സ് നീങ്ങിയതോടെയാണ് ആരോഗ്യ മന്ത്രി കെജിഎംഒഎ നേതാക്കളുമായി ചര്‍ച്ച നടത്തി സസ്പെന്ഷന് പുനപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഡോക്ടേഴ്സ് താല്‍ക്കാലികമായി സമരം നിറുത്തുകയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കുതിരവട്ടത്തെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ബുധനാഴ്ച വൈകുന്നേരമാണ് ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്മേല് തീരുമാനമൊന്നും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച ഡോക്ടേഴ്സ് കൂട്ട അവധിയെടുക്കുന്നത്. അന്നേദിവസം അത്യാഹിത വിഭാഗവും ലേബര്‍ റൂമും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമെ പ്രവര്‍ത്തിക്കു. എന്നിട്ടും സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനം.
കുതിരവട്ടത്ത് ചികിത്സയിലുണ്ടായിരുന്ന റിമാന്റ് പ്രതി ചാടി പോയി വാഹന അപകടത്തില്‍ മരിച്ച സംഭവത്തിലാണ് സൂപ്രണ്ട് കെ.സി. രമേശിനെ സസ്പെന്റ് ചെയ്തത്.