ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. കോട്ടയത്ത് വെച്ചായിരുന്നു മൊഴിയെടുപ്പ്. ദിലീപിന് ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്ന് ബിഷപ്പ് പറഞ്ഞു. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് പി ബാലചന്ദ്രകുമാറിനെ അറിയാമെന്നും ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്.
നടി അക്രമിക്കപ്പെട്ട കേസില്‍ തന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇത് പണം വേണമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചത്. ഇതിനായി വൈദികനായ വിക്ടറും ഒരുമിച്ച് ബാലചന്ദ്രകുമാര്‍ വീട്ടില്‍ വന്നു കണ്ടു. പണം നല്‍കാതെ വന്നതോടെ ശത്രുതയായെന്നുമായിരുന്നു ദിലീപിന്റെ സത്യവാങ്മൂലം.
ഈ അരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിന് വേണ്ടിയാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.