ഗ്യാന്‍വാപി കേസില്‍ ഇടക്കാല ഉത്തരവ് തുടരണമെന്ന് സുപ്രിംകോടതി. എല്ലാവര്‍ക്കും സംരക്ഷണം നല്‍കിയുള്ള തീരുമാനമാണ് എടുക്കേണ്ടതെന്നും ഹര്‍ജിയില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരട്ടെ എന്നും കോടതി പറഞ്ഞു.
സര്‍വേ റിപ്പോര്‍ട്ട് ഇനിയും വിചാരണ കോടതി പരിശോധിച്ചിട്ടില്ലെന്ന എതിര്‍ കക്ഷികളുടെ വാദത്തിന് സര്‍വേ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ജില്ലാ ജഡ്ജിയെ ചുമതലപ്പെടുത്തിക്കൂടെ എന്ന് സുപ്രിംകോടതി ചോദിച്ചു.
അഡ്വക്കേറ്റ് കമ്മീഷണറെ നിയോഗിച്ചത് മുതല്‍ എല്ലാ നടപടികളും തെറ്റായാണ് നടന്നതെന്നതെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം ലംഘിക്കപ്പെടുകയാണ്. തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും സുപ്രിംകോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു വിഭാഗത്തിന് അനുകൂലമായി സര്‍വേ റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നത് തന്നെ സാമൂദായിക സൗഹൃദം തകര്‍ക്കുന്നതിന്റെ ഭാഗമായല്ലേ എന്ന് ഹര്‍ജിക്കാര്‍ ചോദിച്ചു. എന്നാല്‍ ഒരു വിഭാഗത്തെ അനുകൂലിച്ചുള്ള തീരുമാനമെടുക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സത്യസന്ധമായ തീരുമാനം മാത്രമേ കോടതി കൈക്കൊള്ളു. വിചാരണക്കോടതി നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സുപ്രിംകോടതി നല്‍കിയ ഇടക്കാല ഉത്തരവ് എല്ലാവരെയും സംരക്ഷിക്കുന്നതാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇതിനായി മൂന്ന് നിര്‍ദേശങ്ങളും ജസ്റ്റിസ് ചന്ദ്രചൂട് മുന്നോട്ട് വെച്ചു.
1. കേസ് സിവില്‍ കോടതിയില്‍ തുടരുക.
2. കോടതി നടപടികള്‍ക്കുള്ള സ്റ്റേ തുടരുക.
3. കേസ് ജില്ലാ കോടതിക്ക് വിടുക.
എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോരുന്നത് തടയണം. വിവരങ്ങള്‍ ചോരുന്നത് തടയാന്‍ നടപടി സ്വീകരിക്കാമെന്നും അതിനായി എതിര്‍ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കോടതി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






