റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷപ്പെട്ട കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ പാര്‍ട്ടിയില്‍ സിദ്ദുവിന് വലിയ പിന്തുണയില്ല.
1988ല്‍ സിദ്ദുവിന്റെ വാഹനമിടിച്ച് ഒരാള്‍ മരിച്ച കേസിലാണ് സുപ്രിംകോടതി വിധി. നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസില്‍ സിദ്ദുവിന് മൂന്നുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടിയെങ്കിലും കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സിദ്ദുവിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
1988ല്‍ ഡിസംബര്‍ 27ന് റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ പട്യാല സ്വദേശി ഗുര്‍നാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മര്‍ദ്ദിച്ചെന്നും തലയ്ക്കടിയേറ്റ് ഇയാള്‍ മരിച്ചു എന്നുമാണ് കേസ്. 99ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.
ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു.










Manna Matrimony.Com
Thalikettu.Com






