തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ട്വന്റി- ട്വന്റിയുടെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല. ഒരു മുന്നണിക്കും ഉറപ്പ് നല്‍കിയിട്ടില്ല. സമകാലിക വിഷയങ്ങളില്‍ ജനം പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ തിരുത്തലുകള്‍ക്ക് വേണ്ടിയാകണം ജനങ്ങള്‍ വോട്ടു ചെയ്യേണ്ടത്. ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും. എല്ലാവരും ബന്ധപ്പെടുന്നുണ്ട്. യു.ഡി.എഫും എല്‍.ഡി എഫും തമ്മില്‍ ഭേദമില്ല കേരളത്തില്‍ ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരും മെച്ചപ്പെട്ടതല്ല. ബി.ജെ.പി ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ സഹായിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായിച്ചുവെന്ന സുരേന്ദ്രന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരം കടുക്കുന്തോറും ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോള്‍ കോണ്‍ഗ്രസും അവര്‍ക്കൊപ്പമാണ് നിന്നത്.
പിവി ശ്രീനിജിന്‍ എംഎല്‍എ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബെന്നി ബെഹനാനും പിടി തോമസും ഉള്‍പ്പടെയുള്ളവര്‍ എല്‍ഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും അതുകൊണ്ട് അവരുടെ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.