തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ചര്‍ച്ചയാക്കാന്‍ ഇല്ലെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. സംസ്ഥാനത്തിന്റെ വികസനവും രാഷ്ട്രീയവുമാണ് തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യുക. ഇടതു മുന്നണി തൃക്കാക്കരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നത് സുനിശ്ചിതമാണെന്നും ജോ ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇന്നലെ പരാമര്‍ശം പിന്‍വലിച്ചിരുന്നു. എന്നാല്‍ വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കിയാല്‍ ഒരു പ്രശ്നവുമില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പത്ത് വോട്ട് കൂടുതല്‍ കിട്ടാനേ അത് ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിനുളള മറുപടിയായിട്ട് ആണ് ഇപ്പോള്‍ ജോ ജോസഫ് പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിക്ക് നേരെ വിവാദ പരാമര്‍ശം നടത്തിയ കെ സുധാകരനെതിരെയായ നിയമ നടപടിയില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട്.
ജനങ്ങളില്‍ നിന്ന് ശക്തമായ വികാരം ഉണ്ടാകുന്നുണ്ട്. സുധാകരനെതിരെ നടപടിയെടുക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. ആരും ധൈര്യപെടാത്ത കാര്യമാണ് സുധാകരന് പറഞ്ഞതെന്നും പി രാജീവ് പറഞ്ഞു.