കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷെറിന് സെലിന് മാത്യുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷെറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വൈറ്റില ചക്കരപ്പറമ്പിലെ ലോഡ്ജില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണസമയത്ത് ഷെറിന്റെ മുറിയിലുണ്ടായിരുന്ന ഫോണിന്റെ വീഡിയോകോള്‍ ഓണ്‍ ആയിരുന്നു. ആ സമയം വീഡിയോ കോളില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്.
സംഭവമറിഞ്ഞെത്തിയ പാലാരിവട്ടം പൊലീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷെറിനെ കണ്ടത്. രാത്രി 10 മണി വരെ ഷെറിനൊപ്പം മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി കൂടിയുണ്ടായിരുന്നു. ഷെറിനും പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് സ്റ്റാറ്റസുകള്‍ മനോവിഷമം ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.
നടിയും മോഡലുമായ ഷെറിന് സെലിന് ഏറെ നാളുകളായി എറണാകുളത്താണ് താമസിച്ചു വരുന്നത്. ആലപ്പുഴ കാവാലം സ്വദേശിനിയാണ്. ഷെറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. ആത്മഹത്യയെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മരണകാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചുവെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.