മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിക്കറാം മീണ ഐഎഎസിന്റെ ആത്മകഥ. തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് വെളിപ്പെടുത്തല്‍. വയനാട് കളക്ടറായിരിക്കെ സസ്പെന്റ് ചെയ്തതിന് പിന്നിലും പി ശശിയെന്നും ടിക്കാറാം മീണയുടെ ആത്മകഥയിലുണ്ട്. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. ‘തോല്‍ക്കില്ല ഞാന്‍’ എന്ന ആത്മകഥയിലാണ് മീണയുടെ പരാമര്‍ശം.
വയനാട്ടില്‍ ചുമതലയേറ്റപ്പോള്‍ പ്രതികാരം തുടര്‍ന്നെന്നും മീണ പുസ്തകത്തില്‍ പറയുന്നു. അന്ന് ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി. വ്യജകള്ള് നിര്‍മിച്ചവരെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിര്‍പ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്.
സത്യസന്ധമായി ജോലി ചെയ്യാന്‍ അനുവദിക്കാതിരുന്ന നേതൃത്വമായിരുന്നു ശശിക്കു പിന്നിലെന്നും ആത്മകഥയില്‍ പറയുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു.
കരുണാകരന് സര്‍ക്കാരിന്റെ കാലത്തെ ദുരനുഭവവും മീണ തുറന്ന് പറയുന്നുണ്ട്. ഗോതമ്പ് തിരിമറി പുറത്ത് കൊണ്ട് വന്നതിന് ടി.എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും പറയുന്നു. സര്‍വീസില്‍ മോശം കമന്റെഴുതി. മോശം പരാമര്‍ശം പിന്‍വലിപ്പിക്കാന്‍, പിന്നീട് മുഖ്യമന്ത്രിയായ എകെ ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും ആത്മകഥയില്‍ പറയുന്നു.
ഇടത് വലത് സര്‍ക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരിട്ട സമ്മര്‍ദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കറാം മീണയുടെ തോല്‍ക്കില്ല ഞാന്‍ എന്ന ആത്മകഥയുടെ ഹൈലൈറ്റ്.
മാധ്യമപ്രവര്ത്തകന് എംകെ രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം. കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങള്‍ അടുത്ത ഭാഗത്തിലായിരിക്കുമെന്നാണ് സൂചന.