ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. 180 യാത്രക്കാരുമായി വൈകീട്ട് 4 ന് യാത്ര തിരിക്കുമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ അറിയിച്ചു. മൂന്ന് വിമാനങ്ങളിലായി എഴുന്നൂറോളം പേരാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്. ബുഡാപെസ്റ്റില്‍ നിന്ന് രണ്ട് വിമാനങ്ങളും പോളണ്ടില്‍ നിന്ന് ഒരു വിമാനവുമാണെത്തിയത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഓപ്പറേഷന് ഗംഗയുടെ ഭാഗമാകും.
റൊമാനിയ, ഹംഗറി,പോളണ്ട്, എന്നീ രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ പോകും. ഇതില്‍ ഹംഗറിയിലേക്കും, റൊമാനിയയിലേക്കുമുള്ള വിമാനങ്ങള്‍ പുറപ്പെട്ടു.യുക്രൈനിലേക്ക് മരുന്നുകളും ഭക്ഷണങ്ങളും ഉള്‍പ്പെടെ വിമാനത്തില്‍ കൊണ്ടുപോകും. യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു. യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്.
ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം, ഒഴിപ്പിക്കല്‍ ശ്രമങ്ങളില്‍ പങ്കുചേരാന്‍ ഇന്ത്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ മാനുഷിക സഹായം കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും.
ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം, സംഘര്‍ഷഭരിതമായ യുക്രൈനില്‍ നിന്ന് ഒറ്റപ്പെട്ട പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യാ ഗവണ്മെന്റ് ‘ഓപ്പറേഷന് ഗംഗ’ ആരംഭിച്ചിരുന്നു. ‘ഓപ്പറേഷന് ഗംഗ’ ദൗത്യത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട ഇന്ത്യക്കാരെ സൗജന്യമായി തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. 219 ഇന്ത്യന്‍ പൗരന്മാരുമായി ആദ്യത്തെ പലായന വിമാനം ഫെബ്രുവരി 26 ന് മുംബൈയില്‍ ഇറങ്ങി. ഇത്തരത്തില്‍ നിരവധി വിമാനങ്ങള്‍ രാജ്യത്ത് ഇതുവരെ തിരിച്ചെത്തി.
അതേസമയം റഷ്യന്‍ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമസേന ഇറങ്ങി. നഗരത്തിലെ ഒരു ആശുപത്രിയെ ശത്രുസൈന്യം ആക്രമിച്ചതായി യുക്രൈനിയന്‍ സൈന്യം അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനിടെ ചൊവ്വാഴ്ച ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നഗരം കൂടിയാണ് ഖാര്‍കിവ്.










Manna Matrimony.Com
Thalikettu.Com






