സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രി പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂളുകളുടെ പ്രവര്‍ത്തനം നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരമാണെന്നും അദ്ദേഹം അറിയിച്ചു. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ബാച്ച് അടിസ്ഥാനത്തില്‍ ഉച്ചവരെ മാത്രം നടത്തും. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ സാധാരണ നിലയിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു. ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
10, 11, 12 ക്ലാസുകള്‍ ഫെബ്രുവരി 19 വരെ നിലവില്‍ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതല്‍ ഒന്ന് 12 ക്ലാസുകള്‍ വൈകുന്നേരം വരെ ക്ലാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവൃത്തി ദിവസം ആയിരിക്കുമെന്നും പറഞ്ഞു. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ ഉണ്ടാകും. എസ്എസ്എല്‍സി, പ്ലസ് ടു മാതൃകാ പരീക്ഷ മാര്‍ച്ച് 16 ന് തുടങ്ങും.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കി. ക്ലാസ്സില്‍ വരാത്ത കുട്ടികളെ തിരിച്ച് കൊണ്ടുവരാന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മാനസിക സംഘര്‍ഷം ലഘുകരിക്കാന്‍ പ്രത്യേക പ്രവര്‍ത്തനമുണ്ടാകുമെന്നും മന്ത്രി നിര്‍ദേശിച്ചു. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്കൂളകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണമെന്നും പിടിഎ യോഗങ്ങള്‍ ചേരണമെന്നും പറഞ്ഞു.
കുട്ടികളുടെ ഹാജര്‍ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുക, എസ്സി, എസ്എടി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക, ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുക, പാഠഭാഗം തീരാത്ത സ്കൂളുകളില്‍ അധിക സമയം ക്ലാസ് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൈമാറി. യൂണിഫോം ഉപയോഗിക്കുന്നത് ആകും നല്ലതെന്നും മന്ത്രി പറഞ്ഞു.
ഗ്രേസ് മാര്‍ക്ക് വിഷയം പരീക്ഷാ ബോര്‍ഡാണ് തീരുമാനിക്കുന്നതെന്നും ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.