മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണെന്ന് വിശദീകരിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇപി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുക തന്നെ ചെയ്യും. ആക്രമികള്‍ പാഞ്ഞടുത്തത് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണെന്നും കോടിയേരി പറയുന്നു.
വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞു ചെന്നത്. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറിയവര്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്. സീറ്റ് ബെല്‍റ്റ് ഊരാന്‍ അനൗണ്‍സ്മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ബെല്‍റ്റഴിച്ച് നിരവധി വരികള്‍ കടന്ന് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുകയായിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ അനില്‍കുമാറും പിഎ സുനീഷും അവരെ തടയുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശരീരത്തില്‍ തൊടാന്‍ കഴിയാതെ വന്നത്. ‘ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ല ‘എന്ന ആക്രോശം കേട്ട് വിമാനത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രികര്‍ പരിഭ്രാന്തരാകുകയും ഭയപ്പെടുകയും ചെയ്തു.’ വിമാനത്തിലെ യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചതിനെ ഉദ്ധരിച്ചുകൊണ്ടാണ് കോടിയേരി ലേഖനത്തില്‍ ഈ ഭാഗം പരാമര്‍ശിക്കുന്നത്.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ‘ക്രിമിനലുകളായ’ മൂന്ന് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ ശ്രമിച്ചത് നിസ്സാരസംഭവമല്ല, പഞ്ചാബിലെ ഭിന്ദ്രന്‍വാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി കടന്നാക്രമിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ‘ഭീകരവാദികളുടെ മാതൃകയില്‍’ അക്രമത്തിന് കോപ്പുകൂട്ടിയവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
‘പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ മുഖ്യമന്ത്രിമാര്‍ക്കോ എതിരെ ഇത്തരമൊരു അക്രമപരിപാടി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. എന്നിട്ടും ഇതിനെ അപലപിക്കാനല്ല, ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. ഇതിനെ ബിജെപി പിന്തുണയ്ക്കുകയും ചെയ്തു. കുറച്ചുനാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ അരാജക സമരത്തിന്റെ തുടര്‍ച്ചയാണിത്. ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ സഞ്ചരിക്കാന്‍ സമ്മതിക്കില്ലെന്ന് രാഷ്ട്രീയ എതിരാളികള്‍ തീരുമാനിച്ചാല്‍ ജനാധിപത്യത്തിന് എന്ത് അര്‍ഥമാണുള്ളത്.’ കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രചരിപ്പിച്ചതും ജനങ്ങള്‍ തള്ളിയതുമായ നുണകള്‍ വീണ്ടും അവതരിപ്പിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് നോക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിനെഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ വിമര്‍ശനം.