വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളില്‍ അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. എന്നാല്‍ ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍ അഡ്മിന് പ്രത്യേക നിയന്ത്രണമില്ല. ഗ്രൂപ്പില്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് കഴിയില്ലെന്നും അത്തരത്തില്‍ അഡ്മിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ചേര്‍ത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതായിരുന്നു ഉത്തരവ്.
ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ഹര്‍ജി നല്‍കിയത്. ഹര്ജിക്കാരന് മറ്റ് രണ്ടു പേരെക്കൂടി ഗ്രൂപ്പ് അഡ്മിനായി ചേര്‍ത്തിരുന്നു. എന്നാല്‍ ഇതിലൊരാള്‍ ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പോസ്റ്റ് ചെയ്തയാളെ ഒന്നാം പ്രതിയായും ഗ്രൂപ്പിന് രൂപം നല്കിയ ആളെ രണ്ടാം പ്രതിയായും ചേര്‍ത്താണ് എറണാകുളം സിറ്റി പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് കോടതി വിധി പറഞ്ഞത്.