ജനപ്രിയ ഇമെയില്‍ സംവിധാനമായ ജിമെയില്‍ ഇനി പുതിയ രൂപത്തില്‍. ജിമെയിലിന്റെ പുതിയ ലേഔട്ട് ഗൂഗിള്‍ പ്രഖ്യാപിച്ചു. പുതിയ രൂപത്തിള്ള ജിമെയില്‍ ഫെബ്രുവരിയില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ ചാറ്റ്, സ്പേസസ്, ഗൂഗിള്‍ മീറ്റ് എന്നിവ ജിമെയിലുമായി സംയോജിപ്പിച്ചിട്ടുണ്ട് എന്നതാണ് പുതിയ മാറ്റം.
ഗൂഗിളിന്റെ മറ്റ് സന്ദേശമയയ്ക്കല്‍ ടൂളുകളും അതിന്റെ ബിസിനസ്സ് കേന്ദ്രീകൃതമായ വര്‍ക്ക്സ്പേസ് സ്യൂട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇനി നിങ്ങളുടെ ജിമെയിലിനൊപ്പം തന്നെ ലഭിക്കും. സംയോജിത വ്യൂ എന്നാണ് പുതിയ ലേഔട്ടിനെ വിളിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയില്‍ ലേഔട്ട് പരീക്ഷിച്ചു തുടങ്ങാനാകും എന്നാണ് കരുതുന്നത്.
പുതിയ ലേഔട്ടിലേക്ക് മാറാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ നോട്ടിഫിക്കേഷനായി ഗൂഗിള്‍ നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ലേഔട്ടിലേക്ക് മാറാത്തവരുടെ ജിമെയിലും ഏപ്രില്‍ മുതല്‍ പുതിയ ലേഔട്ടിലേക്ക് മാറും. പഴയ പതിപ്പിലേക്ക് പോകാന്‍ അവസരമുണ്ടെങ്കിലും ഈ വര്‍ഷം പകുതിയോടെ ആ ഓപ്ഷനും ഇല്ലാതാകും.
കൂടുതല്‍ സൗകര്യപ്രദവും ആക്സസ് ചെയ്യാന്‍ എളുപ്പമുള്ള രീതിയിലുമാണ് പുതിയ ലേഔട്ട് അവതരിപ്പിക്കുന്നതെങ്കിലും പഴയ ലേഔട്ട് പരിചയമുള്ള ഉപയോക്താക്കള്‍ക്ക് ഈ മാറ്റങ്ങള്‍ എത്രത്തോളം സ്വീകാര്യമായിരിക്കും എന്നതും കാത്തിരുന്ന് അറിയാം.