പ്രമുഖ യു ട്യൂബ് വ്ലോഗ്ഗറും മൃഗസ്നേഹിയുമായ ബീഗം ആശാ ഷെറിൻ എന്ന യുവതിയെ അറിയാത്തവരായി ആരുമില്ല. ലോക്ക് ഡൗണിൽ വിശന്നു വലഞ്ഞ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്താണ് ആശ ഷെറിൻ പ്രശസ്തയായത്. കൂടാതെ താൻ നിരവധി തെരുവ് നായ്ക്കളെ എടുത്തു വളർത്തുന്നുമുണ്ട്.
എന്നാൽ തന്റെ ജീവിത കഥ പങ്കു വെച്ച് ആശ ഷെറിൻ ഫേസ്‌ബുക്കിൽ പങ്കു വച്ച കുറിപ്പ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തനിക്ക് എങ്ങനെയാണു സഹ ജീവികളോട് ഇത്രക്കും കരുണ തോന്നിയത് എന്ന് ആശ ഷെറിൻ തന്നെ വ്യക്തമാക്കുന്നു. ഒരു മുസ്ലിം കടപ്പുറം കാരിയായ ആശ ഷെറിനെ വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ചത് ഹൈന്ദവനായ തന്റെ പപ്പാ ആണെന്ന് തുറന്നു പറയുന്ന ഷെറിൻ, താൻ ഇത്രയും നാൾ മറച്ചു വെച്ച സത്യം ഇപ്പോൾ പുറത്തു വിടുന്നു എന്നാണ് അറിയിച്ചിട്ടുള്ളത്. കുറിപ്പ് വായിക്കാം.
ജാതിയ്ക്കും മതത്തിനും ഒക്കെ അപ്പുറമാണ് വിശപ്പ് എന്ന സത്യം… തീരദേശത്തു ജനിച്ചു വളർന്ന എനിക്ക് കുട്ടികാലത്തെ അച്ഛനമ്മമാരുടെ നഷ്ടപെടലിൽ കൂട്ടായിരുന്നത് മീൻകച്ചവടക്കാരിയായ എന്റെ കടപ്പുറമ്മയാണ്..എന്റെ ഉമ്മുമ്മ.ആ തണലിൽ ജീവിച്ചിരുന്നപ്പോൾ ആവോളം സ്വാതന്ത്ര്യവും ഇഷ്ടം പോലെ സന്തോഷവും ഉണ്ടായിരുന്നു.ഒരുകണക്കിന് പട്ടിണികാലം എന്നുവേണം പറയാൻ..
ഉണ്ണാനും ഉടുക്കാനും ഇല്ലാതെ,ചെമ്പൻ തലമുടിയുമായി മീന്റെ മണം മാത്രം ഉള്ള വെളുത്തു മെലിഞ്ഞ ആ പെൺകുട്ടിയ്ക്ക് ജീവിതത്തിൽ ആദ്യമായി സദ്യ ഉണ്ണാൻ കിട്ടിയ അവസരമായിരുന്നു അവളുടെ ജീവിതത്തിന്റെ തലയിലെഴുത്തു മാറ്റിയത്.ആരുടെയോ കല്യാണത്തിന് വിശപ്പ് കൊണ്ട് ഉണ്ണാൻ പോയ ഞാൻ ഊണ് കഴിഞ്ഞ് എന്റെ ഇലയിൽ വച്ചിരുന്ന പച്ചചിങ്ങൻ(റോബസ്റ്റ) പഴവും അടുത്തിരുന്ന ഏതോ ഒരാൾ അദ്ദേഹം കഴിച്ചുകഴിഞ്ഞ ഇലയിൽ ഉപേക്ഷിച്ച പഴവും കക്ഷത്തിൽ വെച്ച് വെളിയിൽ ഇറങ്ങിയ ഒരു ഏഴുവയസ്സ്കാരിയോട് കൗതുകവും കരുണയും തോന്നിയ ഒരു ക്യാമറമാൻ…
ആ മനുഷ്യനാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.എന്റെ കുറെയധികം ഫോട്ടോകളെടുത്തു അദ്ദേഹം.ഞാൻ പോസ്സ് ചെയ്തു കൊടുത്തു,.ഞാൻ കാണുമ്പോൾ അദ്ദേഹം നല്ലൊരു ചെറുപ്പക്കാരൻ.. സ്വർണ്ണമാല,പാന്റുംഷർട്ടും..എന്നോട് നന്നായി പെരുമാറി.പിന്നീട് എന്റെ വീട്ടിലെത്തിയ അദ്ദേഹം കടപ്പുറംഉമ്മയെ കണ്ടു..എന്നെ മകളായി വളർത്തി. തിരുവനന്തപുരത്തേയ്ക്ക് കൊണ്ട് വന്നു.

ഏഴു വയസ്സിൽ അക്ഷരം പഠിച്ചു, നല്ല വസ്ത്രങ്ങൾ കിട്ടി,വയറു നിറയെ ആഹാരം,ഇഷ്ടംപോലെ കളിപ്പാട്ടങ്ങൾ..എങ്കിലും എനിക്കിഷ്ടം ഇതിനോടൊന്നും അല്ലായിരുന്നു. എനിക്ക് വേണ്ടിയിരുന്നത് എന്റെ കടപ്പുറമ്മയെ മാത്രം ആയിരുന്നു എന്നതാണ് സത്യം.എന്റെ ജീവിതത്തിൽ എന്നോട് കരുണയും ദയയും വാരികോരി ചൊരിഞ്ഞ എന്റെ ദൈവം എന്റെ പപ്പായാണ്.
അദ്ദേഹം എനിക്ക് ചെയ്തു തന്നതിന്റെ പകുതിപോലും എനിക്ക് ഈ സമൂഹത്തിനുവേണ്ടി ചെയ്യാൻ കഴിഞ്ഞില്ല.ആ മനുഷ്യനെ ആണ് ഞാൻ ഫോളോ ചെയ്തത്. വളർന്നു വലുതായപ്പോൾ ഞാൻ പാപ്പായോട് ചോദിച്ചു.. എന്ത് കൊണ്ട് എന്നോട് ഇങ്ങനെ തോന്നി എന്ന്.. അപ്പൊ പുള്ളി പറഞ്ഞു,ഞാൻ അന്ന് സദ്യ കഴിക്കുന്നത് കണ്ടു കരഞ്ഞു പോയി എന്ന്..
ആ കരുണയും ദയയും ആണ് എനിക്ക് മറ്റുള്ളവരോട് തോന്നിയത്….. കടപ്പുറമ്മ ഒരിക്കൽ എന്നെ കാണാൻ വന്നപ്പോൾ എടുത്ത ഫോട്ടോ ആണ്..ഞാൻ ഒരു നല്ലമനസിനുടമയാണെന്ന് പലരും പറയുമ്പോൾ ആ ക്രെഡിറ്റ് മുഴുവൻ എന്റെ പാപ്പായിലേക്കാണ് പോകേണ്ടത്,അദ്ദേഹം എന്നിൽ ചൊരിഞ്ഞ ദയ,കരുണ,നന്മ ഇതെല്ലാം ആണ് എന്നെ ഞാൻ ആക്കിയത്. എന്റെ ജീവിതത്തിൽ അദ്ദേഹം ഇന്നും എനിക്ക് തരുന്ന സപ്പോർട്ട് വളരെ വലുതാണ്.

എന്റെ രണ്ട് പിള്ളേരെയും കൊച്ചു കുഞ്ഞുങ്ങളെപോലെ സ്നാക്സും കടയപ്പങ്ങളും വാങ്ങി കൊടുത്ത് സ്വന്തം കൂട്ടുകാരെപോലെ കൊണ്ട് നടക്കുന്നു.. രക്തബന്ധങ്ങൾക്ക് ഒന്നും കാര്യം ഇല്ല, സ്നേഹബന്ധം തന്നെയാണ് വലുത്.
മറ്റൊരാളുടെ ഔദാര്യത്തിൽ വളർന്നു വന്ന ഞാൻ എനിക്ക് എന്റെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുമ്പോൾ കുറച്ചു മറ്റുള്ളവർക്ക് കൂടെ ചെയ്തില്ല എങ്കിൽ എന്റെ പപ്പാ എന്നോട് ചെയ്തത് വെറുതെ ആയി പോകില്ലേ ….ഇതൊന്നും ഞാൻ മരിക്കുവോളം ആരോടും പറയാൻ ആഗ്രഹിച്ചതല്ല..
ഒത്തിരിപ്പേർ ചോദിച്ചു എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നുവെന്ന്.ഒരുകാലത്ത് ഞാനും വിശന്നു ഓടുന്ന ഒരു പട്ടിയെപോലെ ജീവിതം ജീവിച്ചിരുന്നു…..അത് തന്നെ മറുപടി..










Manna Matrimony.Com
Thalikettu.Com






