തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. എസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം.
തിരുവനന്തപുരം വിമാനത്താവള ഹര്‍ജിയില്‍ കേന്ദ്രത്തിന്റേത് നയപരമായ തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. എസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. നേരത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹത ഇല്ലെന്നും വിശാലമായ പൊതു താത്പര്യം മുന്‍ നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
രാഷ്ട്രീയമായും നിയമപരമായും സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമായത്. രണ്ട് വര്‍ഷം മുന്‍പാണ് വിമാനത്താവള സ്വകാര്യവത്ക്കരണത്തിന് നീക്കം തുടങ്ങുന്നത്. 2019 ഫെബ്രുവരിയില്‍ നടത്തിയ ടെന്‍ഡറില്‍ അദാനിയാണ് മുന്നിലെത്തിയത്. സര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്ഐഡിസി രണ്ടാമതായി. വിമാനത്താവളം അദാനിയെ ഏല്‍പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നടക്കം ആവശ്യമുന്നയിച്ചിരുന്നു. വിമാനത്താവള സ്വകാര്യവത്ക്കരണത്തില്‍ കോണ്‍ഗ്രസിനുള്ളിലും രണ്ട് അഭിപ്രായമുയര്‍ന്നിരുന്നു.










Manna Matrimony.Com
Thalikettu.Com







