വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരമാരംഭിച്ചു. മുഴുവന്‍ പ്രതികളും രക്ഷപെടാന്‍ കാരണം പൊലീസാണെന്നും ഒരു മാതാപിതാക്കള്‍ക്കും ഈ ഗതിവരരുതെന്നും പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന ആവശ്യവുമായി നടത്തുന്ന സമരം പ്രതിക്ഷ നേതാവ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വാളയാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് മാസങ്ങളായിട്ടും കാര്യമായ നടപടിയുണ്ടാകാതെ വന്നതോടെയാണ് പെണ്‍കുട്ടികളുടെ അമ്മയും അച്ഛനും സെക്രട്ടറിയേറ്റിന് പഠിക്കല്‍ ഏകദിനസമരത്തിനെത്തിയത്. ഉത്തരവാദികളായ പൊലീസുകാര്‍ക്ക് സ്ഥാനകയറ്റം കിട്ടിയപ്പോളാണ് വഞ്ചിക്കപ്പെട്ടത് മനസിലായതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്.ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം കൊച്ചിയിലും ഇവര്‍ ഉപവാസ സമരം നടത്തിയിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന പരിശോധിക്കുമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.
കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം സര്‍ക്കാരിലുള്ള പ്രതീക്ഷ കൈവിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സമരപന്തലിലെത്തി പ്രതിപക്ഷനേതാവ് കുടുംബത്തെ പൂര്‍ണ പിന്‍തുണയറിച്ചു. ദളിത് പീഡനത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശും കേരളം തമ്മില്‍ വ്യത്യാസമില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. രാവിലെ പത്തുമണിക്കാരംഭിച്ച സമരം വൈകിട്ട് അവസാനിക്കും. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.










Manna Matrimony.Com
Thalikettu.Com







