കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ട് തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചതായി ജനപ്രിയ ആഗോള ഫ്ലൈറ്റ് ട്രാക്കർ വെബ്‌സൈറ്റിൽ നിന്നുള്ള ഡേറ്റ. കോഴിക്കോട് വിമാനത്താവളത്തിലെ ടേബിൾടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്കു പതിച്ച് പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചു. വിമാനത്തിൽ 190 യാത്രക്കാരുണ്ടായിരുന്നത്.
ലാൻഡിങ്ങിനു മുമ്പ് വിമാനം വിമാനത്താവളത്തിന് ചുറ്റും വലം വച്ചതായും ഡേറ്റ കാണിക്കുന്നു. ലാൻഡിങ്ങിനു മുമ്പ് വിമാനം പല തവണ മുകളിലേക്കും താഴേക്കും പോയതായും വിമാനം റൺവേയിൽ സ്പർശിച്ചശേഷമാണ് ദുരന്തമുണ്ടായതെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
വിമാനം രണ്ടായി പിളർന്നതായാണു ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. വിമാനാ വശിഷ്ടങ്ങൾ പ്രദേശത്തു മുഴുവൻ ചിതറിയിട്ടുണ്ട്. ഇത് റൺവേയ്ക്ക് തൊട്ടു താഴെയാണെന്നാണ് റിപ്പോർട്ട്. രാത്രി 7.40 ഓടെ കനത്ത മഴയെത്തുടർന്ന് എയർപോർട്ടിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ നിന്ന് 34 അടി താഴെയുള്ള സ്ലിപ്പ് റോഡിലേക്ക് വിമാനം വീഴുന്നത്.
കുന്നിൻ മുകളിൽ നിർമിച്ച ടേബിള്‍ ടോപ്പ് റൺവേയാണു കോഴിക്കോട് വിമാനത്താവളത്തിലേത്. ഇത്തരം റൺവേകൾ, ലാൻഡിങ്ങിനായി പൈലറ്റ് ശ്രമിക്കുമ്പോൾ താഴെയുള്ള സമതലങ്ങളുടെ അതേ തലത്തിലാണെന്ന മിഥ്യാ കാഴ്ച സൃഷ്ടിക്കുന്നു.
സമാനമായ ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ട് ഉള്ള മംഗളൂരുവില്‍ 2010 ൽ നടന്ന വിമാനാപകടത്തില്‍ 158 പേർ മരിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് മുൻ വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ ബി എൻ ഗോഖാലെയുടെ നേതൃത്വത്തില്‍ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ‘ഭൂപ്രകൃതി പ്രത്യേകതയും സ്ഥലത്തിന്റെ പരിമിതികളുമുള്ള ടേബിള്‍ ടോപ്പ് എയർഫീൽഡുകളില്‍ ലാൻഡിങ്ങിന് അധിക നൈപുണ്യവും ജാഗ്രതയും ആവശ്യമാണ്’ എന്ന് പറയുന്നു.










Manna Matrimony.Com
Thalikettu.Com







