കോഴിക്കോട് : കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തി കരിപ്പൂരിൽ വിമാനാപകടം. കരിപ്പൂരിൽ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 14 പേർ മരിച്ചു.
പിലാശേരി ഷറഫുദീൻ, ചെർക്കളപ്പറമ്പ് രാജീവൻ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച അഞ്ചുപേർ മരിച്ചു. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീ മരിച്ചു. രണ്ടു മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുണ്ട്.
ഒട്ടേറെ യാത്രക്കാർക്കും പരുക്കുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു.
യാത്രക്കാരിൽ 174 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ 5 ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493. വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്.
കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു.
ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളർന്നത്.
അപകടത്തിനു പിന്നാലെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ആംബുലൻസുകളിൽ പരുക്കേറ്റ യാത്രക്കാരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്കു മാറ്റി. ജില്ലാ കലക്ടറും സ്ഥലം എംഎൽഎയും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിൾ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിർമാണം. അതിനാൽത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയില് ആഴത്തിലേക്കു വീണാണ് വിമാനം തകർന്ന് അപകടമുണ്ടായത്. എയർ ഇന്ത്യയുടെ എഎക്സ്ബി1344, ബി737 വിമാനമാണ് തകർന്നത്. കനത്ത മഴ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. റൺവേ 10ലൂടെ തെന്നിനീങ്ങിയ വിമാനം ആഴത്തിലേക്കു വീഴുകയും രണ്ടായി പിളരുകയുമായിരുന്നു.










Manna Matrimony.Com
Thalikettu.Com







