തിരുവനന്തപുരം: കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം തുടരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. 5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ.
വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു. മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ. ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിൽ 22,433 സാംപിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ ഉള്ളത് 9458 പേർ. ഇതുവരെ ആകെ 3,28,940 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1,07,066 സാംപിളുകൾ ശേഖരിച്ചു. അതിൽ 1,02,687 സാംപിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് 428 ഹോട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച 222 പേരിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത 16 പേരും ഉണ്ട്. ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽനിന്നുള്ള ജീവനക്കാരെയും നിയോഗിക്കും. നഗരസഭാ കൗണ്‍സിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ‍് സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകേണ്ട സ്ഥിതി വന്നിട്ടുണ്ട്.
പൊതുവിൽ വേണ്ട കരുതലിനെ സൂചിപ്പിക്കുന്ന അനുഭവമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ചാല മാർക്കറ്റിലെ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാർക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തുകയാണ്. കൊല്ലം ജില്ലയിൽ 106 പേർക്കു സ്ഥിരീകരിച്ചതിൽ പുറത്തുനിന്ന് വന്നത് 2 പേർ മാത്രം. 94 പേർക്ക് സമ്പർക്കം മൂലം. ഉറവിടം അറിയാത്തത് 9 കേസുകൾ.
രോഗവ്യാപന സാധ്യതയുള്ള കിഴക്കൻ മേഖല, തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ ഇവിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും. ചങ്ങനാശേരി മാർക്കറ്റിൽ വ്യാപാരികളായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിവാസികളായ നാലു പേർക്ക് കഴിഞ്ഞ ദിവസം നടത്തിയ റാപിഡ‍് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് റിസൽട്ട് ലഭിച്ചിരുന്നു. ഇതേ തുടർന്ന് തിരുവല്ല നഗരസഭാ പരിധി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ആലപ്പുഴയിൽ 82 പേർക്ക് രോഗം വന്നതിൽ 40 സമ്പർക്കം. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ 9 ഡോക്ടർമാരും 15 ജീവനക്കാരും ക്വാറന്റീനിൽ പോകേണ്ടിവന്നു. ചേർത്തല താലൂക്കിലെ തീരപ്രദേശത്ത് വ്യാപകമായി ആന്റിജന്‍ ടെസ്റ്റ് നടത്തിവരുന്നു. ഇതിൽ നെഗറ്റീവ് ആയ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരെ പ്രത്യേകം മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചു.
ഇവർക്ക് റിവേഴ്സ് ക്വാറന്റീൻ ഒരുക്കാനായി ചേർത്തല എസ്എൻ കോളജും സെന്റ് മൈക്കിൾസ് കോളജും സജ്ജീകരിക്കും. ജില്ലയിൽ മൈക്രോ ഫിനാൻസ്, ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടി കമ്പനികൾ തുടങ്ങിയവയുടെ പണപ്പിരിവ് വിലക്കി. തീരപ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ജൂലൈ 29 രാത്രി 12 വരെ നീട്ടി. കോട്ടയത്ത് പാറത്തോട് ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി, തിരുവാർപ്പ്, കുമരകം മാർക്കറ്റുകളിലും ആന്റിജൻ പരിശോധന നടന്നുവരുന്നു. ഇതുവരെ 5 സിഎഫ്എൽടിസികളിലായി 267 പേരെ പ്രവേശിപ്പിച്ചു.
എറണാകുളത്ത് 100 പേരുടെ റിസൽറ്റ് ഇന്ന് പോസിറ്റീവ് ആയി. അതിൽ 94 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കം വഴിയാണ്. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാട് ക്ലസ്റ്ററിൽ സമ്പൂർണ ലോക്ഡൗൺ ഏര്‍പെടുത്തി. മൂന്ന് കോൺവന്റുകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശ്രമങ്ങൾ, മഠങ്ങൾ, പ്രായമായ ആളുകൾ താമസിക്കുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ നിർദേശിച്ചു. പല മഠങ്ങളിലും അതുപോലുള്ള ആശ്രമങ്ങളിലും പ്രായമുള്ള ധാരാളം പേരുണ്ട്. അവരെ സന്ദർശിക്കാൻ എത്തുന്നവര്‍ ഈ ഘട്ടത്തിൽ രോഗബാധിതരാണെങ്കിൽ പ്രായമായവർക്ക് വലിയ തോതിൽ ആപത്താകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.










Manna Matrimony.Com
Thalikettu.Com







