സൈബർ നിയമമേഖലയിൽ ഇന്ത്യയിലുണ്ടായിരിക്കുന്ന പ്രധാന നിയമമാണ് വിവരസാങ്കേതികവിദ്യാ നിയമം – 2000 (ഇൻഫർമേഷൻ ടെക്നോളജി ആക്ട് – 2000). പാർലമെന്റ് പാസ്സാക്കിയ ഈ നിയമത്തിന് 2000 ജൂൺ 9 ന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചു.
ഇലക്ടോണിക് വിവരങ്ങളുടെ പരസ്പരവിനിമയം വഴി നടക്കുന്നതും ഇലക്ട്രോണിക് വാണിജ്യം എന്ന പൊതുവെ അറിയപ്പെടുന്നതുമായ ഇടപാടുകൾക്ക് അംഗീകാരം നൽകുന്നതിനും, കടലാസ് ഉപയോഗിച്ചുള്ള വിവരവിനിമയവും വിവരശേഖരണവും നടത്തുന്ന സർക്കാരിടപാടകളിലും മറ്റും അതിനുപകരം ഇലക്ട്രോണിക്ക് ഡാറ്റായുടെ രൂപത്തിലുള്ള വിവരങ്ങൾ സമർപ്പിക്കുന്നതിനും, ഇന്ത്യൻ ശിക്ഷാനിയമം, തെളിവ് നിയമം, ബാങ്കേഴ്സ് ബുക്ക് തെളിവ് നിയമം, റിസർവ്വ് ബാങ്ക് നിയമം, തുടങ്ങിയവയിൽ ഇതിനനുസരണമായ ഭേദഗതികൾ വരുത്തുന്നതിനും മറ്റുമായാണ് ഈ നിയമം നടപ്പാക്കിയതെന്ന് ഇതിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
സാമൂഹികമാധ്യമങ്ങൾ, ഇ-മെയിൽ, ഇൻസ്റ്റന്റ് ചാറ്റ് തുടങ്ങി ഇന്റർനെറ്റ് മുഖേനയുള്ള ആധുനിക ആശയവിനിമയ സംവിധാനങ്ങളിലൂടെയോ, എസ്.എം. എസ്, വീഡിയോകൾ എന്നിവ വഴി മൊബൈൽ ഫോണുകൾ മുതലായ മാധ്യമങ്ങളിലൂടെയോ ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ, സംഘടനക്കോ എതിരേ ക്രിമിനൽ ലക്ഷ്യങ്ങളോടെയോ, അപകീർത്തിപരമായോ ചെയ്യുന്ന പ്രവർത്തനങ്ങൾ സൈബർ കുറ്റകൃത്യമായി കണക്കാക്കും.
രാജ്യത്തിന്റെ സുരക്ഷയെയോ സാമ്പത്തിക സുരക്ഷയെയോ ബാധിക്കുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും
പൈറസി, കോപ്പിറൈറ് ലംഘനം, ഓൺലൈൻ വഴി അനധികൃത വ്യാപാരം, ഹാക്കിങ്, വിവരം ചോർത്തൽ തുടങ്ങിയവയും സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും
സാമൂഹികമാധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തൽ, വിദ്വേഷം വളർത്തുന്ന പ്രചാരണങ്ങൾ, ആൾ മാറാട്ടം, കുറ്റപ്പെടുത്തൽ എന്നിവയും ഗുരുതരമായ നിയമലംഘനങ്ങളുടെ പട്ടികയിൽ വരുന്നവയാണ്
ഇലക്ട്രോണിക് മാധ്യമങ്ങളോ സാമൂഹികമാധ്യമങ്ങളോ വഴി മതങ്ങളെയും മതപരമായ ചടങ്ങുകളെയും അപമാനിക്കുക, ഉന്നത ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുക, രേഖകൾ വ്യാജമായി നിർമിക്കുക, അശ്ളീല ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുക മുതലായവയും സൈബർ കുറ്റകൃത്യമായാണ് കണക്കാക്കുക. യഥാര്‍ത്ഥ ലോകത്ത് മോഷണ വസ്തുക്കള്‍ സ്വീകരിക്കുന്നതുപോലെ തന്നെ സൈബര്‍ലോകത്തും അത് കുറ്റമാണ്. എതെങ്കിലും കമ്പ്യൂട്ടറില്‍ നിന്നോ ഇലക്‌ട്രോണിക് ഡിവൈസില്‍ നിന്നോ മോഷണം നടത്തിയെടുത്ത വിവരങ്ങള്‍ സ്വീകരിക്കുന്നത് മൂന്നു വര്‍ഷം ശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണ്. (66 B)
മറ്റൊരാളുടെ പാസ്‌വേര്‍ഡ്, ഡിജിറ്റല്‍ ഒപ്പ് അല്ലെങ്കില്‍ എന്തെങ്കിലും ഇലക്‌ട്രോണിക് തിരിച്ചറിയല്‍ സംവിധാനം എന്നിവ ഉപയോഗിച്ച് അയാളുടെ അക്കൗണ്ടില്‍ ആള്‍മാറാട്ടം നടത്തുന്നതും മൂന്നു വര്‍ഷം തടവു ശിക്ഷയും കൂടാതെ ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ് (66 സി).
ആള്‍മാറാട്ടം നടത്തിയോ മറ്റൊരാളാണെന്ന് വിശ്വസിപ്പിച്ചോ വഞ്ചന നടത്തുന്നത് മൂന്നു വര്‍ഷം തടവു ശിക്ഷയും കൂടാതെ ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ് (66 ഡി).
ഒരാളുടെ സമ്മതമില്ലാതെ രഹസ്യ വീഡിയോ, ഫോട്ടോ എടുത്തതിനു ശേഷം അയാളുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ അയാളുടെ സമ്മതമില്ലാതെ ഇലക്‌ട്രോണിക് ഉപകരണത്തിലൂടെ അയക്കുന്നത് ശിക്ഷാര്‍ഹമാണ്. മൂന്നു വര്‍ഷം തടവു ശിക്ഷയും കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ് (66 ഇ).
അശ്‌ളീലമായ കാര്യങ്ങള്‍ ഇലക്‌ട്രോണിക് ഉപകരണത്തിലൂടെ അയക്കുകയോ അതിനു കാരണമാകുകയോ ചെയ്താലും കുറ്റകൃത്യമാണ്. മൂന്നു വര്‍ഷം തടവു ശിക്ഷയും കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ് (വകുപ്പ് 67).
ലൈംഗീകതയുള്ള കാര്യങ്ങള്‍ ഇലക്‌ട്രോണിക് ഉപകരണത്തിലൂടെ അയക്കുകയോ അതിനു കാരണമാകുകയോ ചെയ്താല്‍ ആദ്യ തവണയുള്ള കുറ്റകൃത്യത്തിന് അഞ്ചു വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പിന്നീടുള്ള കുറ്റകൃത്യത്തിന് ഏഴ് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ആണ് ശിക്ഷ (വകുപ്പ് 67 എ).
കുട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്ന ലൈംഗീക വീഡിയോ-ഫോട്ടോകള്‍ അയക്കുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതുമായ കുറ്റകൃത്യം ആദ്യ തവണ ചെയ്യുമ്പോള്‍ അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പിന്നീടുള്ള കുറ്റകൃത്യത്തിന് ഏഴ് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ആണ് ശിക്ഷ (വകുപ്പ് 67 ബി).
18 വയസ്സില്‍ താഴെയുള്ള കു ട്ടികള്‍ക്കെതിരെയുള്ള അക്രമ മാണെങ്കില്‍ കുറ്റവാളിക്ക് പോക് സോ ( 2012) നിയമമനു സരിച്ചുള്ള ശിക്ഷയും ലഭിക്കും.
ഫോട്ടോ എടുക്കുന്നത് കുറ്റമാണോ ?
ഇക്കാലത്ത് എല്ലാ മൊബൈല്‍ ഫോണുകളിലും ക്യാമറ സംവിധാനങ്ങള്‍ ലഭ്യമായതിനാല്‍ ഇഷ്ടമുള്ളത് എന്തു കണ്ടാലും മൊബൈലില്‍ പകര്‍ത്താനുള്ള പ്രവണത കൂടുതലാണ്. എന്നാല്‍ ഇഷ്ടമുള്ളതെന്തും അങ്ങനെ പകര്‍ത്താനാകില്ല.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരം സ്വകാര്യ ഭാഗങ്ങള്‍ സമ്മതമില്ലാതെ പകര്‍ത്തിയാല്‍ മാത്രമേ കുറ്റമാകുകയുളളൂ. പക്ഷേ കേരള പൊലീസ് നിയമപ്രകാരം ഏതൊരു സ്ഥലത്തുവച്ചും സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റമാണ്. മൂന്നുവര്‍ഷം തടവ് അല്ലെങ്കില്‍ പതിനായിരം രൂപ; വേണമെങ്കില്‍ ഇവ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. അതു മാത്രമല്ല, ബന്ധപ്പെട്ട സ്ഥലത്തിന്റെ ചുമതലയുള്ള വ്യക്തി അങ്ങനെയുണ്ടാകുന്ന പരാതി അധികാരികളെ അറിയിക്കുന്നതിന് വീഴ്ച വരുത്തുന്നതും കുറ്റകരമാണ്.
മറ്റു കുറ്റകൃത്യങ്ങള്‍
ഏതു കുറ്റകൃത്യമാണെങ്കിലും അത് ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ ചെയ്താല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 സി പ്രകാരം മറ്റാരും കാണരുത് എന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ പ്രവര്‍ത്തികള്‍ നോക്കുന്നതോ ഫോട്ടോ, വീഡിയോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
ഇന്റര്‍നെറ്റ്, ഇ-മെയില്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ ഒരു സ്ത്രീയെ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി പിന്തുടരുന്നതും ശിക്ഷാര്‍ഹമാണ് (ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 ഡി).
ഇങ്ങനെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി കുറ്റകൃത്യങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. പക്ഷേ അവയ്ക്കുള്ള നിയമനടപടികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, ഇന്‍ഫര്‍മെഷന്‍ ടെക്‌നോളജിയിലെയും, പോലീസ് നിയമം പോലുള്ള നിയമങ്ങളുടെയും വകുപ്പുകളനുസരിച്ചായിരിക്കും കൈക്കാള്ളുന്നത്

ലേഖകൻ: അഡ്വ. വിനോദ് മാത്യൂ വിൽസൻ
(കേരള ധ്വനി പോർട്ടലിനു വേണ്ടി അഡ്വ. വിനോദ് മാത്യു വിൽസൺ എഴുതിയ ലേഖനം)










Manna Matrimony.Com
Thalikettu.Com







