തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി വി ഡി സതീശൻ ‘മേനോന്‍’ എന്ന് പേരിനൊപ്പം ചേര്‍ത്തതിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ജിന്റോ ജോണ്‍ ആണ് ആദ്യം ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയത്. പിന്നാലെ വി ആര്‍ അനൂപും വി ഡി സതീശനെ വിമര്‍ശിച്ചു. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിപ്പോള്‍ രാജു പി നായരും ബിആര്‍എം ഷെഫീറും മുഹമ്മദ് ഷിയാസും പിന്തുണയുമായി രംഗത്തെത്തി.
പേരിലാണ് കോണ്‍ഗ്രസ് മൂല്യം എന്നത് അബദ്ധധാരണയാണെന്ന് രാജു പി നായര്‍ പ്രതികരിച്ചു. വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളാണെന്നും രാജു പി നായര്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. സത്യപ്രതിജ്ഞയില്‍ സ്വന്തം പിതാവിന്റെ പേര് ഉറക്കെ പറഞ്ഞതില്‍ ആരും മറ്റ് അര്‍ത്ഥം കാണേണ്ടെന്നും വിഡിഎസിനെ പരിഹസിക്കുന്ന സൈബര്‍ സഖാക്കള്‍ നമ്പൂതിരിപ്പാട്, നായനാര്‍ എന്നതൊക്കെ ജാതി പേരാണെന്ന് മറക്കരുതെന്നുമായിരുന്നു ബിആര്‍എം ഷെഫീറിന്റെ പ്രതികരണം. നിരാശയുള്ള ചിലര്‍ നടത്തുന്ന ശ്രമമാണിതെന്നും ജിന്റോ ജോണിന്റെ പരാമര്‍ശവും അങ്ങനെ കണ്ടാല്‍ മതിയെന്നും മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങള്‍ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യം, എന്നായിരുന്നു ജിന്റോ ജോണ്‍ ആദ്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ സജീവ ചര്‍ച്ച തുടങ്ങിയപ്പോഴാണ് മറ്റുള്ളവരും പ്രതികരിച്ച് തുടങ്ങിയത്.
വി ഡി സതീശന്‍ അംബേദ്ക്കറെ വായിക്കാന്‍ അധികസമയം കണ്ടെത്തണം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപിന്റെ വിമര്‍ശനം. മുന്‍ സത്യപ്രതിജ്ഞകളില്‍ വരാത്ത മേനോന്‍ എന്നത് ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ജാതി ഒരേസമയം സാമൂഹിക മൂലധനവും സാമൂഹിക അധികാരവുമാണെന്നും അനൂപ് വി ആര്‍ ചൂണ്ടിക്കാട്ടി.










Manna Matrimony.Com
Thalikettu.Com






