തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയെയും എം വിൻസന്റിനെയും കൈവിടാൻ ഒരുങ്ങി കോൺഗ്രസ്. പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരിപ്പിക്കേണ്ടതില്ലെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നാണ് നിർദേശം. ഹൈക്കമാൻഡ് ഇത് സംബന്ധിച്ച് നിലപാടെടുത്തു എന്നാണ് വിവരം. പെരുമ്പാവൂരിലും കോവളത്തും മറ്റ് പേരുകൾ പരിഗണിച്ചേക്കും.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഹൈക്കമാൻഡ് തീരുമാനം. എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമെടുത്തപ്പോൾ എൽദോസിന്റെ കാര്യം മാത്രം പിന്നീട് പരിഗണിക്കാം എന്ന് ഹൈക്കമാൻഡ് നിലപാടെടുത്തിരുന്നു. എൽദോസിനോട് കേസിന്റെ രേഖകൾ അടക്കം ഹാജരാക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. എൽദോസ് കുന്നപ്പള്ളി ഡൽഹിയിൽ നേരിട്ട് പോയി സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടതിന് പിന്നാലെയും കൂടിയാണ് ഹൈക്കമാൻഡിന്റെ ഈ നീക്കം.
പെരുമ്പാവൂരിൽ പകരം ആര് എന്ന ചർച്ചയും സജീവമാണ്. ഉല്ലാസ് തോമസ്, മനോജ് മുത്തേടൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. പാസ്റ്ററൽ കൗൺസിൽ അംഗമായ മനോജ് മൂത്തേടന് സീറ്റ് നൽകണമെന്ന ആവശ്യവുമായി എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു.
2017ലെ കേസാണ് എം വിൻസന്റിന് കുരുക്കായത്. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാർട്ടി നടപടി നേരിട്ടയാളാണ് എം വിൻസന്റ്.










Manna Matrimony.Com
Thalikettu.Com






