തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യമുള്ള ഗൾഫ് പ്രവാസികൾ മലയാളികൾ ഉൾപ്പെടെയുള്ളവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും യാതൊരു അമാന്തവും ഈ വിഷയത്തിൽ ഉണ്ടാകരുതെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
പാക്കിസ്ഥാൻ ഉൾപ്പെടെ മറ്റു പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഗൾഫ് നാടുകളിൽ നിന്ന് തിരികെ കൊണ്ടു വരുന്ന നടപടി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇനിയും ഈ വിഷയത്തിൽ യാതൊരു കാലതാമസവും കാണിക്കാൻ പാടില്ല , പ്രവാസികളുടെ ആരോഗ്യത്തെയും അവരുടെ സുരക്ഷയുടെയും പരിപൂർണ ബാധ്യത കേന്ദ്രസർക്കാരിന് ഉണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു .
ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരിൽ ബഹു ഭൂരിപക്ഷവും മലയാളികൾ ആണെന്നിരിക്കെ കേരള സംസ്ഥാനം ഈ വിഷയത്തിൽ വളരെയധികം മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്, അതുകൊണ്ടുതന്നെ കേരള സംസ്ഥാനത്തിന് അർഹിക്കുന്ന സഹായം അടിയന്തരമായി നൽകാനും സർക്കാർ തയ്യാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഓർമിപ്പിച്ചു .
ഇപ്പോൾ തന്നെ ഗൾഫ് നാടുകളിലെ കൊറോണാ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്രസർക്കാരും അവർക്ക് വേണ്ട ശുശ്രൂഷ , താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഒരുക്കാൻ ഒരുക്കാൻ ഉള്ള നടപടികൾ കേരള സർക്കാരും ഉടൻ ആരംഭിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു .
ഗർഭിണികൾ, കുട്ടികൾ, രോഗികൾ തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിലന്വേഷിച്ച് ചെന്നവർ, വിസയുടെ കാലാവധി തീർന്നവർ എന്നിവർക്ക് പരിഗണന നൽകണമെന്നും , ഗൾഫ് നാടുകളിൽ തൊഴിൽ ചെയ്തുകൊണ്ടിരുന്ന പ്രവാസികൾക്ക് അവർ നാട്ടിലുള്ള കാലയളവിൽ ശമ്പള നഷ്ടം ഉണ്ടാകുന്നതിനാൽ അവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകുവാനും അവരുടെ കുടുംബങ്ങൾ പട്ടിണി ആകാതിരിക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും ഇതിനായി സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും ഒരു പ്രത്യേക ‘പ്രവാസി അതിജീവന പാക്കേജ് ‘ കേന്ദ്ര സർക്കാരിനോട് അനുവദിക്കാൻ ആവശ്യപ്പെടണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ഗൾഫ് നാടുകളിൽ നിന്നും തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ മുൻഗണനാക്രമം കൃത്യതയോടെ തയ്യാറാക്കുന്നതിനായി പ്രവാസി മലയാളി സംഘടനകളുടെയും എംബസികളുടെയും സംയോജിതമായ പ്രവർത്തനം ആവശ്യമാണെന്നും ഇത്തരത്തിൽ ഒരു നിർദ്ദേശം കേന്ദ്രസർക്കാർ എംബസികൾക്ക് നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.