ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് ഇറാൻ റവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇസ്രയേലിനെയും യുഎസിനെയും വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യുമെന്നും ഇറാൻ റവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മനുഷ്യരാശി കണ്ട ഏറ്റവും ക്രൂരന്മാരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാലാണ് മഹാനായ നേതാവ് ഖമനയി രക്തസാക്ഷിത്വം വരിച്ചത്. അത് ആ നേതാവിന്റെ ആത്മാർത്ഥമായ സേവനങ്ങളുടെ തെളിവുകൂടിയാണ്. ഇറാൻ പ്രതികാരം ചെയ്യും, അവരെ വെറുതെ വിടില്ലെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.
അതേസമയം ഉടനടി തിരിച്ചടി ഉണ്ടാകുമെന്ന് ഐആർജിസി സൂചന നൽകി. ചരിത്രത്തിൽ ഇന്നേവരെ ഇറാൻ കണ്ടിട്ടില്ലാത്ത ഏറ്റവും പ്രത്യാഘാതമുണ്ടാക്കുന്ന തിരിച്ചടി ഉടനടി ഉണ്ടാകുമെന്നും അധിനിവേശ മേഖലയിലും അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരിക്കും ആക്രമണമെന്നും ഐആർജിസി അറിയിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ച് ഖമനയി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഖമനയിയുടെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കയാണ്.
അക്രമണം ആരംഭിച്ചതിന്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമനയി. പശ്ചിമേഷ്യയിൽ ഏറ്റവും അധികകാലം രാഷ്ട്രഭരണം നടത്തിയ രാഷ്ട്രത്തലവൻ കൂടിയാണ്.










Manna Matrimony.Com
Thalikettu.Com






