ടെഹ്‌റാൻ: ഇറാനിലെ വിവിധ സർവ്വകലാശാലകളിൽ സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ജനുവരിയിൽ നടന്ന രക്തരൂക്ഷിതമായ അടിച്ചമർത്തലുകൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ശനിയാഴ്ച ടെഹ്‌റാനിലെ ശരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. തുടർന്ന് പ്രകടനക്കാർക്ക് നേരെ സർക്കാർ അനുകൂലികൾ രംഗത്തെത്തിയതോടെ പലയിടത്തും സംഘർഷമുണ്ടായി.
ഏകാധിപത്യം അവസാനിക്കട്ടെ, സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പരമോന്നത നേതാവ് അലി ഖൊമേനിയെ ലക്ഷ്യമിട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന പ്രതിഷേധം.ടെഹ്‌റാനിലെ ശരീഫ് യൂണിവേഴ്‌സിറ്റിക്ക് പുറമെ ഷാഹിദ് ബെഹെഷ്തി യൂണിവേഴ്‌സിറ്റി, അമീർ കബീർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. വടക്കുകിഴക്കൻ നഗരമായ മഷാദിലും വിദ്യാർത്ഥികൾ തെരുവിലിറങ്ങി.
സമാധാനപരമായി തുടങ്ങിയ മാർച്ചിന് നേരെ സർക്കാർ അനുകൂലികൾ രംഗത്തെത്തിയത് നേരിയ തോതിലുള്ള ഉരസലുകൾക്ക് കാരണമായി. പലയിടങ്ങളിലും വിദ്യാർത്ഥികളും സുരക്ഷാ സേനയും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.










Manna Matrimony.Com
Thalikettu.Com






