ഡൽഹി: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ നടന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിയായ പ്രീത് പനേസറെ വിട്ടുനൽകണമെന്ന് കാനഡ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. 20 ദശലക്ഷം കനേഡിയൻ ഡോളർ വിലമതിക്കുന്ന സ്വർണ്ണം കവർന്ന കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് ഇയാൾ.
2023 ഏപ്രിൽ 17-ന് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള കവർച്ച നടന്നത്. സ്വിറ്റ്‌സർലൻഡിൽ നിന്ന് എയർ കാനഡ വിമാനത്തിൽ എത്തിയ 6,600 സ്വർണ്ണക്കട്ടികളും 2.5 ദശലക്ഷം ഡോളർ മൂല്യമുള്ള വിദേശ കറൻസിയുമാണ് വിമാനത്താവളത്തിലെ കാർഗോ ഗോഡൗണിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്.
കവർച്ച നടന്ന സമയത്ത് എയർ കാനഡയിലെ കാർഗോ മാനേജരായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മുപ്പതുകാരനായ പ്രീത് പനേസർ. കവർച്ചയ്ക്ക് സഹായിക്കുന്ന രീതിയിൽ വ്യാജ എയർവേ ബില്ലുകൾ തയ്യാറാക്കിയതും മറ്റും ഇയാളാണെന്ന് കനേഡിയൻ പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്ക് തൊട്ടുപിന്നാലെ ഇയാൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
ചണ്ഡീഗഢിന്റെ പ്രാന്തപ്രദേശത്തുള്ള മൊഹാലിയിലെ ഒരു വാടക വീട്ടിൽ പനേസർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്ഥലത്ത് റെയ്ഡ് നടത്തി ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
കൈമാറൽ അഭ്യർത്ഥനയെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും എന്നാൽ സ്വർണ്ണ മോഷണ കേസിലെ കുറ്റകൃത്യങ്ങളിൽ നിന്ന് പനേസറിന് ഇന്ത്യയിൽ നിന്ന് ലഭിച്ചതായി പറയപ്പെടുന്ന ഹവാല ഫണ്ടുകളെ ബന്ധിപ്പിക്കുന്നതിന് കനേഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
നയതന്ത്ര ചാനലുകൾ വഴിയാണ് കാനഡ ഇന്ത്യക്ക് ഔദ്യോഗികമായി അപേക്ഷ കൈമാറിയത്. കേസിൽ ഇതിനോടകം ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കാനഡ നടപടി സ്വീകരിച്ചിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







