കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീര്‍ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഓരോ പ്രധാന കേന്ദ്രത്തിലും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി രാജ വിജയരാഘവന്, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്ച പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെടും. തിങ്കള്‍ പകല്‍ ഒന്നിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്.
മകരവിളക്ക് ദിവസമായ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 പേര്‍ക്ക് മാത്രമായിരിക്കും. 13ന് 35,000 പേര്‍ക്കും 15 മുതല്‍ 18 വരെ 50,000 പേര്‍ക്കും 19ന് 30,000 പേര്‍ക്കും പാസ് അനുവദിക്കും. സ്പോട്ട് ബുക്കിങ് 5000 പേര്‍ക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. പാസില്ലാത്തവരെയും തീയതിയും സമയവും തെറ്റിച്ചുവരുന്നവരെയും പ്രവേശിപ്പിക്കില്ല. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 14ന് രാവിലെ 10നുശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും 11നുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തീര്‍ഥാടകരെ അനുവദിക്കില്ല.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.
മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







