തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ പൊതുകടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. 24.88 ശതമാനം. ദേശീയ ശരാശരി 26.11 ശതമാനമാണെന്ന് സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ കടമെടുപ്പ് കുറഞ്ഞുവരികയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പില്‍ കേരളം 18-ാം സ്ഥാനത്താണെന്നാണ് സിഎജിയുടെയും ആര്‍ബിഐയുടെയും റിപ്പോര്‍ട്ടുകള്‍ അടയാളപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സിഎജിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023-24ല്‍ കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിലെ സംസ്ഥാന നികുതി, നികുതിയേതര വരുമാനം 72.84 ശതമാനമാണ്. അഖിലേന്ത്യ ശരാശരി 57.77 ശതമാനം. 27.16 ശതമാനം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളുമായുള്ളത്. തനത് നികുതി, നികുതിയേതര വരുമാനം ഇരട്ടിയായതിനാലാണ് കേരളം പിടിച്ചുനില്‍ക്കുന്നത്. ആകെ റവന്യൂ വരുമാനത്തില്‍ സ്വന്തം വരുമാനത്തിന്റെ അനുപാതം ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ആറാമതാണ് കേരളം. ബഹുഭൂരിപക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മൊത്തം റവന്യൂ വരുമാനത്തില്‍ വലിയ പങ്ക് കേന്ദ്ര വിഹിതമാണ്. ബിഹാറിന് 72.27, ഉത്തര്‍പ്രദേശിന് 55.48, ബംഗാളിന് 53.25 എന്നിങ്ങനെയാണ് കേന്ദ്രവിഹിതത്തിലെ ശതമാനം. 16 സംസ്ഥാനങ്ങള്‍ക്കാണ് മൊത്തം വരുമാനത്തിന്റെ 50 ശതമാനത്തിലേറെ കേന്ദ്രവിഹിതമായി ലഭിക്കുന്നത്. ഇവയില്‍ ഭൂരിപക്ഷവും ബിജെപി ഭരണപങ്കാളിത്തമുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര നികുതി വിഹിതത്തിന്റെ 72 ശതമാനവും 10 സംസ്ഥാനങ്ങള്‍ക്കായാണ് ലഭിക്കുന്നത്. ബാക്കി 28 ശതമാനം 18 സംസ്ഥാനങ്ങള്‍ക്കും.










Manna Matrimony.Com
Thalikettu.Com







