ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്‌സില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ആദര്‍ശ് നഗറിലെ ഡല്‍ഹി മെട്രോ സ്റ്റാഫ് ക്വാട്ടേഴ്‌സിലാണ് തീപിടിത്തമുണ്ടായത്. അജയ് കുമാര്‍(42), ഭാര്യ നീലം (38) മകള്‍ ജാന്‍വി (10) എന്നിവരാണ് മരിച്ചത്. ഒരു അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
ആദര്‍ശ് നഗറിലെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെ രണ്ടാംനിലയില്‍ തീപിടിത്തമുണ്ടായതായി പുലര്‍ച്ചെ രണ്ടരയോടെയാണ് വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച്ച മണ്ഡാവലിയിലെ അഞ്ച് നില കെട്ടിടത്തിലും തീപിടിത്തമുണ്ടായിരുന്നു. ഫ്‌ളാറ്റിന്റെ മുകളിലെ നിലയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. അവിടെയും രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.










Manna Matrimony.Com
Thalikettu.Com






