തിരുവനന്തപുരം: സിപിഐയെ വിമർശിച്ചും സിപിഐഎമ്മിനെ പുകഴ്ത്തിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലേഖനം. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് ഇടത് പാർട്ടികളുടെ നട്ടെല്ലെന്നും ഇത് അറിയുന്നതുകൊണ്ടാണ് സിപിഐഎം അർഹമായ പരിഗണന നൽകുന്നത്. സിപിഐയുടെ നവ നേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃശ്ചികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും ‘തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
ആഗോള അയ്യപ്പസംഗമ വേദിയിലേക്ക് വരുംവഴി വളരെ യാദൃച്ഛികമായി ഉണ്ടായ സംഭവം വലിയ അപരാധമായിപ്പോയെന്ന് പറയുന്നവരുടെ ‘ഉദ്ദേശ്യശുദ്ധി’ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചാൽ ഇവിടെ എന്തു സംഭവിക്കാനാണ്? അതിന്റെ പേരിൽ എന്തൊരു കോലാഹലമാണ് കേരളത്തിലുണ്ടായത്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി നൽകിയിട്ടും വിമർശനവും അധിക്ഷേപവും അവസാനിച്ചിട്ടില്ല. ഉയർന്ന ജാതിയിൽപ്പെട്ട ഒരാളോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളോ ആണ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതെങ്കിൽ ചർച്ചയോ പരിഹാസങ്ങളോ ഉണ്ടാകുമായിരുന്നില്ല. ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. ഇത് എന്തു നീതിയാണ്? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്‌നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.
സമുദായത്തിന്റെ കൂട്ടായ്മയെ തകർക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ട്. സ്വന്തം മതത്തിനായി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മഹാന്മാരാണ് തന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നത്. മലപ്പുറത്തെ പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള തന്‍റെ പ്രസംഗവും മുസ്‌ലിം ലീഗ് നേതാക്കളുടെ സ്വമത സ്‌നേഹത്തെക്കുറിച്ചുള്ള വിമർശനവും ഇതിനൊക്കെ ആക്കം കൂട്ടി. സമ്പത്തും അധികാരവും ഭൂസ്വത്തും വ്യവസായ, വാണിജ്യരംഗങ്ങളും കൈപ്പിടിയിലുള്ള ഒരു സമുഹത്തെ ഒന്നാകെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി യഥാർത്ഥ പിന്നാക്കക്കാരന്‍റെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നവരാണ് ഇക്കൂട്ടർ. ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്‍റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു.
കേരളത്തിലെ ന്യൂനപക്ഷ പ്രീണനങ്ങളെ എസ്എൻഡിപി യോഗം എതിർത്തിട്ടുണ്ട്. നാളെയും എതിർക്കും. ഒമ്പതര വർഷം പിണറായി വിജയൻ കേരളം ഭരിച്ചിട്ട് എന്തായാലും കുഴപ്പമൊന്നുമുണ്ടായില്ല. മാറാട് കലാപം പോലെ ഒന്നും സംഭവിച്ചില്ല. അദ്ദേഹം പറയുന്നു.
ഈഴവരാദി പിന്നാക്ക സമുദായങ്ങളാണ് ഇവിടെ സിപിഐഎം, സിപിഐ ഉൾപ്പടെയുള്ള ഇടതു പാർട്ടികളുടെ നട്ടെല്ല്. സിപിഐഎമ്മിന് അത് അറിയാവുന്നതുകൊണ്ടാണ് അവർ സമുദായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നത്. സിപിഐയുടെ നവനേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ല. ഭരണത്തിലിരിക്കെ ലഭിക്കുന്ന സ്ഥാനമാനങ്ങൾ വീതം വയ്ക്കുമ്പോഴും അവർ അക്കാര്യം മറന്നുപോകുമെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ വിമർശിച്ചു.










Manna Matrimony.Com
Thalikettu.Com






