ദിണ്ഡിഗല്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ഡിണ്ടിഗല്‍ സ്വദേശി എംഎസ് മണി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിണ്ഡിഗല്ലില്‍ എത്തി പരിശോധന നടത്തുകയും വിവരങ്ങള്‍ തേടുകയും ചെയ്തതിന് പിന്നാലെയാണ് മണി മാധ്യമങ്ങളെ കണ്ടത്. കേരളത്തില്‍ പുറത്തുവരുന്ന വലിയ വാര്‍ത്തകളില്‍ താന്‍ എങ്ങനെയെത്തി എന്നറിയില്ല. ചെറിയ ബിസിനസ് മാത്രമാണുള്ളത്. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണെന്നും മണി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു മണിയുടെ പ്രതികരണം.
തന്റെ പക്കലുള്ള വിവരങ്ങള്‍ എല്ലാം എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ എല്ലാം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ സാധാരണക്കാരനാണ്, കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. മൂന്ന് പേരുടെ ഫോട്ടോകള്‍ കാണിച്ച് പൊലീസ് സംഘം വിവരങ്ങള്‍ തേടിയിരുന്നു. തന്റെ പേരില്‍ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസില്‍ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു. തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.
ഫിനാന്‍സ് മാത്രമാണ് തനിക്കുള്ള ബിസിനസ്, സ്വര്‍ണം സംബന്ധിച്ച ഒരു ഇടപാടുമില്ല. _ബാലമുരുകനുമായി കാലങ്ങളായുള്ള ബന്ധമാണുള്ളത്. അതിന്റെ പേരിലാണ് ആ ഫോണ്‍ ഉപയോഗിക്കുന്നത് എന്നും മണി ആവർത്തിച്ചു. വിവരങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുണ്ട്. ഈ മാസം 30ന് തിരുവനന്തപുരത്ത് പോകുമെന്നും മണി അറിയിച്ചു. കേരളത്തില്‍ വന്നിട്ടുള്ളത് പിതാവിന്റെ മരണാന്തര ചടങ്ങിനായിട്ടാണ്, ശബരിമലയ്ക്കും വന്നിട്ടുണ്ട്. അവിടെ ആരെയും പരിചയമില്ലെന്നും മണി പ്രതികരിച്ചു.
ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയെന്ന നിലയിലാണ് എസ്‌ഐടി മണിയിലേക്ക് എത്തിയത്.










Manna Matrimony.Com
Thalikettu.Com







