പത്തനംതിട്ട: നാൽപ്പത്തിയൊന്നു ദിവസം നീണ്ട മണ്ഡല കാല തീർത്ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള മണ്ഡല പൂജ ഇന്ന് നടക്കും. ശബരിമല തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരരുടെ കാർമ്മികത്വത്തിലാണ് മണ്ഡല പൂജ നടക്കുക.
രാവിലെ 10.10 നും 11.30 നും ഇടയിലാണ് മണ്ഡല പൂജ. രാത്രി 10 വരെ ഭക്തർക്ക് ദർശനം അനുവദിക്കും.മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കിഘോഷയാത്രയെ ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാർ, ദേവസ്വം കമ്മിഷണർ ബി സുനിൽകുമാർ, എന്നിവരുടെ നേതൃത്വത്തിൽ തങ്ക അങ്കി ഏറ്റുവാങ്ങി.
സോപാനത്തിൽവച്ച് തന്ത്രി കണ്‌ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും സഹ ശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.40ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. ചൊവ്വാഴ്‌ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്.
അതേസമയം ഡിസംബർ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു (30,78,044 പേർ).മുൻവർഷങ്ങളെ അപേക്ഷിച്ച് അവധി ദിവസമായ ഞായറാഴ്‌ചകളിൽ തിരക്കുകുറവായിരുന്നു. ഈ ഞായറാഴ്‌ച (ഡിസംബർ 21) 61,576 പേരാണ് ദർശനത്തിനെത്തിയത്. ബാക്കി ദിവസങ്ങളിൽ എൺപതിനായിരത്തിനു മുകളിൽ ഭക്തരെത്തി.










Manna Matrimony.Com
Thalikettu.Com







