കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ഭീതി പടര്‍ത്തിയ നരഭോജി കടുവ പിടിയില്‍. വണ്ടിക്കടവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചെ ഒന്നരയോടെ കടുവ കുടുങ്ങിയതെന്നാണ് വിവരം. ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ മാരനെ (70) കൊന്ന കടുവയാണ് കൂട്ടിലായതെന്നാണ് നിഗമനം.
14 വയസുള്ള ആൺകടുവയാണ് കൂട്ടിലായതെന്നാണ് റിപ്പോർട്ട്. കടുവയെ ബത്തേരി കുപ്പാടിയിലെവനം വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വനംവകുപ്പ് നേരത്തെ നിരീക്ഷിച്ചുവന്നിരുന്ന പരിക്കേറ്റ കടുവയാണ് കൂട്ടിലായത്.
ഡിസംബർ 20 നായിരുന്നു മാരൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വണ്ടിക്കടവ് വനത്തില്‍ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ മാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
വിറക് കെട്ടാനുള്ള വള്ളി വെട്ടാനായിരുന്നു മാരൻ വനത്തിലേക്ക് കയറിയത്. അൽപ്പസമയത്തിനുള്ളിൽ മാരന്റെ കരച്ചിൽ കേട്ട് കൂടെയുള്ളവർ ഓടിയെത്തിയപ്പോഴേക്കും കടുവ മാരനെ കടിച്ചുവലിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയിരുന്നു. ജനുവരിയിൽ സമീപപ്രദേശങ്ങളായ ആടിക്കൊല്ലി, അമരക്കുനി, ഊട്ടിക്കവല പ്രദേശങ്ങളിലെ ജനവാസമേഖലയിൽ കടുവ ഇറങ്ങി ആടുകളെ കൊന്നിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് കടുവയെ വനംവകുപ്പ് കൂടുവച്ച് പിടികൂടിയത്.










Manna Matrimony.Com
Thalikettu.Com







