ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിൽ വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ നാല് പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ശിവരാജ് പാട്ടീൽ. ഡോ.മൻമോഹൻ സിങ് മന്ത്രിസഭയിൽ 2004 മുതൽ 2008 വരെ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1991 മുതൽ 1996 വരെ പത്താം ലോക്‌സഭയുടെ സ്പീക്കറായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ പ്രതിരോധം, വാണിജ്യം, ശാസ്ത്ര സാങ്കേതിക വിദ്യ, ആണവോർജമ, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള നിരവധി പ്രധാന വകുപ്പുകളുടെ സഹമന്ത്രിയായും പ്രവർത്തിച്ചു.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് ഏഴ് തവണയാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റിലെ വിശിഷ്ട സേവനങ്ങളെ ആദരിക്കുന്നതിനുള്ള ‘ഔട്ട്‌സ്റ്റാൻഡിങ് പാർലമെന്റേറിയൻ അവാർഡ്’ എന്ന ബഹുമതിക്ക് തുടക്കം കുറിച്ചതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ട്.
പഞ്ചാബ് ഗവർണറായും ഛണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോൾ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെച്ചത് ശ്രദ്ധേയമായിരുന്നു. ലാത്തൂർ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷനായും മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ശിവരാജ് പാട്ടീലിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.










Manna Matrimony.Com
Thalikettu.Com







