കോഴിക്കോട്: ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോഴിക്കോട് സബ് കളക്ടര്‍. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്ന് നോട്ടീസില്‍ പറയുന്നു. നവംബര്‍ 15ന് മുമ്പായി കാരണം ബോധ്യപ്പെടുത്തണമെന്നും നോട്ടീസില്‍ പറയുന്നു. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്.
പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ബിഎല്‍ഒയായിരുന്ന അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് വലിയ സമ്മര്‍ദമാണന്ന വാര്‍ത്തകള്‍ വന്നിരുന്നു. ജോലി സമ്മര്‍ദം മൂലമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് ബിഎല്‍ഒമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അസ്‌ലമിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോര്‍ജിന് സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ലെന്നും സംഭവ ദിവസമോ അതിനു മുന്‍പോ ഒരു ഉദ്യോഗസ്ഥനെയും സമ്മര്‍ദം ചെലുത്തുകയോ ഭീഷണിപ്പെടുത്തുന്ന സ്വഭാവമുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. വ്യക്തിപരമായ സമ്മര്‍ദത്തിനുളള സാധ്യത പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും കളക്ടറുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു. കര്‍മമേഖലയില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചയാളാണ് അനീഷെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്റെ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് ബിഎല്‍ഒമാരെന്നും തികഞ്ഞ ഏകീകരണത്തോടെയാണ് തെരഞ്ഞെടുപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനും പ്രയാസം നേരിടരുതെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







