ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. സ്‌ഫോടനത്തില്‍ അംഗവൈഗല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗപരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം. എക്‌സ് അകൗണ്ടിലൂടെയാണ് രേഖ ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പാക്കുന്നതായി രേഖ ഗുപ്ത അറിയിച്ചു. ഇന്നലെ വൈകിട്ടോടെയുണ്ടായ അപകടത്തില്‍ 13 മരണവും 20-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചവരെയുള്ള വിവരം അനുസരിച്ച് കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡൽഹിയിലേത് ചാവേർ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച അമോണിയം നൈട്രേറ്റ് ഇതിൻ്റെ സൂചനയാണെന്നും പൊലീസ് പറയുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്ത വരേണ്ടതുണ്ട്. ഫരീദാബാദിൽ സ്ഫോടന വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉമർ മുഹമ്മദാണ് ചെങ്കോട്ട സ്ഫോടത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടന്ന കാറിൽ ഉണ്ടായിരുന്നത് ഇയാളാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ കാറിൽ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.










Manna Matrimony.Com
Thalikettu.Com







