ദില്ലി: ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ വോട്ടർ പട്ടിക ലിസ്റ്റിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ലെന്നും 90 മണ്ഡലങ്ങളിലായി 22 തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ ആണ് പെൻ്റിംഗ് ഉള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
പരാതികൾ ഉണ്ടെങ്കിൽ അറിയിക്കേണ്ട കോൺഗ്രസിൻ്റെ ബിഎൽഒമാരും പോളിങ് ഏജൻ്റുമാരും എന്ത് ചെയ്തുവെന്നും ഇരട്ട വോട്ട് ഉണ്ടെങ്കിൽ അത് ഒരു പാർട്ടിക്ക് ഗുണമാകുന്നു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നു. വ്യാപകമായി വോട്ടർലിസ്റ്റിൽ ക്രമക്കേട് നടന്നെന്നും ഇത് കോണ്‍ഗ്രസിനെ തോൽപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി
ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുൽ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







