തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ വൈരുധ്യം. പോറ്റി ദേവസ്വം വിജിലൻസിന് നൽകിയ മൊഴി കേരളത്തിന് പുറത്തുള്ള തട്ടിപ്പ് സംഘം പറഞ്ഞു പഠിപ്പിച്ചതെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം നടക്കുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയ്ക്ക് പുറമെ ബെംഗളൂരുവും സന്ദർശിച്ചു. ഇതിനുള്ള വിമാനടിക്കറ്റ് തട്ടിപ്പ് സംഘമാണ് എടുത്ത് നൽകിയതെന്ന് പോറ്റി മൊഴി നൽകി. ഈ യാത്രയിൽ പോറ്റി ആരെയെല്ലാം കണ്ടെന്നും എവിടെയെല്ലാം പോയെന്നും അന്വേഷിക്കുകയാണ് എസ്‌ഐടി.
പോറ്റിയെ സഹായിച്ച സുഹൃത്തുക്കൾ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ് അന്വേഷണ സംഘം.
ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ബെംഗളൂരുവിലെ ഗൂഢാലോചനയിൽ കേരളത്തിലെ ഉന്നതർക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
പോറ്റിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആഭരണരൂപത്തിലുള്ള സ്വർണവും ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിരുന്നു. സ്വർണം ആഭരണങ്ങളുടെ രൂപത്തിലാണെങ്കിൽ കൂടി ഇതിനൊന്നും കൃത്യമായ രേഖകളില്ല. കവർച്ച ചെയ്യപ്പെട്ട സ്വർണമാണോ ഇത്തരത്തിൽ സൂക്ഷിച്ചതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പിടിച്ചെടുത്തവ തങ്ങൾ ഉപയോഗിക്കുന്ന സ്വർണാഭരണങ്ങളാണെന്നാണ് കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞത്. പിടിച്ചെടുത്തതിൽ കോടികളുടെ ഭൂമിയിടപാട് രേഖകളുമുണ്ട്.
സ്വർണക്കൈമാറ്റത്തിന്റെ പ്രതിഫലമായാണ് ഭൂമിക്കൈമാറ്റങ്ങൾ നടന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പും നടത്തും. നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നു. ഇതോട് അനുബന്ധിച്ച് കൈക്കലാക്കിയ നിരവധി ആധാരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
പുളിമാത്ത് വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോറ്റിയുടെ വീട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്. കേസിൽ വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്കും അന്വേഷണ സംഘം വൈകാതെ കടക്കും. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.










Manna Matrimony.Com
Thalikettu.Com







