ന്യൂയോർക്ക്: ഇന്ത്യക്കെതിരെ വീണ്ടും പ്രതികാര മനോഭാവത്തോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നൂറ് ശതമാനം അധിക തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും റഷ്യയോട് അടുക്കുന്നുവെന്ന ട്രംപിന്റെ ആശങ്കയ്ക്ക് പിന്നാലെയാണ് ഈ നീക്കം. റഷ്യയുമായി ഇരുരാജ്യങ്ങളും വ്യാപാര, വാണിജ്യ ബന്ധം സജീവമാക്കുന്നത് തടയുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്ക്‌മേൽ അധിക തീരുവ ചുമത്തുന്നത് റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനാണെന്നാണ് ട്രംപ് മുന്നോട്ടുവെക്കുന്ന വാദം. സമ്മർദ്ദത്തിലൂടെ റഷ്യയെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കാനാണ് തന്റെ നീക്കമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ഇന്ത്യക്ക് മേൽ ട്രംപ് ചുമത്തിയ 50 ശതമാനം അധിക തീരുവ ആഗസ്റ്റ് 27ന് പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനിടെ രാജ്യങ്ങൾക്ക്‌മേൽ അധിക തീരുവ ചുമത്താൻ ട്രംപിന് അവകാശമില്ലെന്ന ഹർജി അതിവേഗ ബെഞ്ചിൽ പരിഗണിക്കാൻ യുഎസ് സുപ്രിം കോടതി തീരുമാനിച്ചിട്ടുണ്ട്.
യുക്രെയ്‌നിൽ റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ട്രംപ്. ഇന്ത്യയെ കൂടി ബാധിക്കുന്ന തരത്തിലുള്ള ഉപരോധമാണ് ട്രംപ് ഏർപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ രാജ്യങ്ങളോട് അമേരിക്കയെ പിന്തുണയ്ക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ അലാസ്‌കയിൽ ട്രംപിന്റെ മധ്യസ്ഥതയിൽ പുടിനുമായി ചർച്ച നടത്തിയിട്ടും സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ മധ്യസ്ഥത ഫലവത്തായിരുന്നില്ല.
താരിഫ് യുദ്ധത്തിനിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും ഇന്ത്യ യുഎസ് ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നായി തുടരുമെന്നും ട്രംപ് പറഞ്ഞിരുന്നു. മോദി മഹാനായ പ്രധാനമന്ത്രിയാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് എന്നാൽ അദ്ദേഹം സ്വീകരിക്കുന്ന ചില നിലപാടുകൾ ഇഷ്ടപ്പെടാറില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ നല്ല ബന്ധം തുടരുമെന്നും വിഷമിക്കേണ്ട ഒരു കാര്യവുമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.










Manna Matrimony.Com
Thalikettu.Com







