തിരുവനന്തപുരം: ക്ലിഫ് ഹൗസിനു മുന്നിൽ കഴിഞ്ഞ ദിവസം രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ വധശ്രമം അടക്കം ചുമത്തി കേസെടുത്ത് പൊലീസ്. 28 പേർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞതിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ രാത്രിയിലെ മാർച്ച്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡിന് മുകളിലൂടെ പ്രവർത്തകർ തീപ്പന്തം എറിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രവർത്തകർ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല, മഹിളാ കോൺഗ്രസ് നേതാക്കളായ വീണാ നായർ, ലീന എന്നിവരടക്കമുള്ളവർക്കെതിരെയാണ് കേസ്.
മാർച്ചിൽ പ്രവർത്തകരും പൊലീസും ഏറ്റമുട്ടിയതോടെ വൻ സംഘർഷമാണുണ്ടായത്. പിന്നാലെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. സ്ത്രീകളടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മാറ്റിയിരുന്നു. സമരം അവസാനിപ്പിച്ചതായി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അതേസമയം പ്രവർത്തകർ ലാത്തികളും വയർലെസ് സെറ്റുകളും നശിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







