തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞും പ്രവാസികൾക്കു പിന്തുണയറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധയുടെ പേരിൽ പ്രവാസികളെ ഒറ്റപ്പെടുത്താനോ ബുദ്ധിമുട്ടിക്കാനോ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ. അവർ ഉള്ള നാടുകളിൽ ചില പ്രശ്നങ്ങളുണ്ടായി. അപ്പോൾ അവർക്കു തിരിച്ചു വരേണ്ടിവന്നു. അവരിൽ ചിലരുടെ പ്രവൃത്തിയിൽ പാകപ്പിഴയുണ്ടായി. അതിന്റെ പേരിൽ പ്രവാസി സഹോദരങ്ങളെ ഒറ്റപ്പെടുത്തരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അവരെ അപഹസിക്കരുത്. പ്രവാസികൾക്ക് അതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവർക്ക് അതു സംബന്ധിച്ച് ഉത്കണ്ഠ വേണ്ട.
നിങ്ങളവിടെ സുരക്ഷിതരായി കഴിയുക. അവിടെ നിറവേറ്റേണ്ട സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതരാണ്. ഈ നാട് നിങ്ങളോടൊപ്പമുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.