കൊച്ചി: വി.എസിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി ഡോ.വി.എ.അരുൺ കുമാർ. അരുൺകുമാറിന്റെയും സഹോദരി ആശയുടെയും ജന്മദിനം ഇന്നാണ്. അച്ഛൻ ഇല്ലാത്ത ആദ്യത്തെ ജന്മദിനത്തിൽ വലാത്ത ശൂന്യത അനുഭവപ്പെടുന്നെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിൽ അരുൺകുമാർ പറയുന്നു.
‘ജൂലൈ 25. എന്റേയും, സഹോദരി ആശയുടെയും ജന്മദിനമാണിന്ന്. കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണ്, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല. അമ്മ മിഠായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന ഫോൺ വിളികൾ നൽകുന്ന സന്തോഷം..തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത്. ഞങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി. വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു’.- അരുൺ കുമാർ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
നേരത്തെ, വി.എസിന്റെ മരണത്തിൽ അനുശോചനം അറിയിച്ചവർക്കും, അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയവരോടും നന്ദി പ്രകാശിപ്പിച്ചുള്ള വൈകാരിക കുറിപ്പ് ഇന്നലെ അരുൺ കുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, പാർട്ടിയോട് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







